കര്‍ണാടക122 ന് ഒമ്പത്; 78 ന് എത്ര കിട്ടാം

Monday 21 May 2018 12:01 pm IST

കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡി(എസ്)യും ഒന്നിച്ചതോടെ ബിജെപിയുടെ നില ഇനി പരുങ്ങലിലാവുമെന്ന് പലരും നിരീക്ഷിക്കുന്നു. ഇവര്‍ ഒന്നിച്ചു നിന്നാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാനാവും എന്നാണ് പലരുടെയും അഭിപ്രായം. വസ്തുതകള്‍ പരിശോധിക്കാം.

പഴയ മൈസൂര്‍, തീരദേശം, ബെംഗളൂര്‍ സിറ്റി, സെന്‍ട്രല്‍ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക (ഹൈദരാബാദ് നൈസാമിന്റെ അധീനതയില്‍ ആയിരുന്ന പ്രദേശങ്ങള്‍), മുംബൈ കര്‍ണാടക (പഴയ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍) എന്നിങ്ങനെ ആറു മേഖലകളായാണ് പൊതുവെ കര്‍ണാടക സംസ്ഥാനം തിരിക്കപ്പെട്ടിട്ടുള്ളത്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറില്‍ അഞ്ച് മേഖലകളിലും 2013 ലേതില്‍നിന്ന് വ്യത്യസ്തമായിരുന്നു ഫലം. തീരദേശത്തെ 19 സീറ്റില്‍ 16 ലും ബിജെപി ജയിച്ചു. മുംബൈ കര്‍ണാടക മേഖലയിലെ 44 സീറ്റില്‍,  2013 ല്‍ ബിജെപിക്ക് 12 സീറ്റായിരുന്നു. 2018 ആയപ്പോള്‍ 26 സീറ്റായി ഇരട്ടിച്ചു. മധ്യകര്‍ണാടകയിലെ 27 സീറ്റില്‍ 2013 ല്‍ നാല് സീറ്റേ ബിജെപിക്ക് ഉണ്ടായിരുന്നുള്ളു. അത് 2018 ആയപ്പോള്‍ 21 ല്‍ ബിജെപി ജയിച്ചു.

ബിജെപിയെ സംബന്ധിച്ചടത്തോളം കര്‍ണാടകയില്‍ ഇനി സ്വാധീനം വര്‍ദ്ധിപ്പിക്കണ്ടത് പഴയ മൈസൂര്‍ മേഖലയിലാണ്. 66 സീറ്റുള്ള ഈ വലിയ പ്രദേശത്ത് നേരിയ സ്വാധീനം മാത്രമേ പാര്‍ട്ടിക്കുള്ളു. ജെഡിഎസും കോണ്‍ഗ്രസ്സും തമ്മിലാണ് ഇവിടെ മുഖ്യമായും മത്സരം നടന്നിട്ടുള്ളത്, നടക്കുന്നത്. മേഖലയിലെ 66 സീറ്റില്‍ 15 എണ്ണമേ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിലും നേടാനായുള്ളു. 2013ല്‍ എട്ടു സീറ്റായിരുന്നു, ഇരട്ടിച്ചുവെന്ന് പറയാമെന്നുമാത്രം. 

ബിജെപിക്ക് മൈസൂര്‍ മേഖല ഭേദിക്കാന്‍ കടുപ്പമാര്‍ന്നൊരു കോട്ടയായി തുടരുന്നു. ഇവിടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ്, ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ നരേന്ദ്ര മോദി തന്റെ പ്രചാരണത്തിനു തുടക്കം കുറിച്ചത് ചാമരാജ് നഗറില്‍ നിന്നായിരുന്നു. വൊക്കലിഗ സമുദായത്തിന്റെ ശക്തികേന്ദ്രമായ ഇവിടമാണ് ജെഡി (എസ്) ന്റെ സ്വാധീനമേഖല. അവര്‍ ആകെ ജയിച്ച 40 ല്‍ 30 ഉം ഇവിടെ നിന്നായിരുന്നു. ജെഡി(എസ്)കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടം നടന്നു പോന്നിരുന്ന ഇവിടെ അവര്‍ ഒന്നാവുമ്പോള്‍ ബിജെപിയെ സംബന്ധിച്ചടത്തോളം എന്നും അപ്രാപ്യമായിരുന്ന വലിയൊരു പ്രദേശത്ത് സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ മികച്ചൊരവസരം ഒരുങ്ങുകയാണ്. അതായത്, ബിജെപി കടന്നുകയറുക സ്വാഭാവികമായും കോണ്‍ഗ്രസ് വോട്ട് ബാങ്കുകളിലെക്കാവും. ആത്യന്തികമായി നഷ്ടം സംഭവിക്കുക കോണ്‍ഗ്രസിനാവും.

മറ്റൊന്നുകൂടി. ബിജെപിക്കെതിരേ ഒന്നിച്ചു നിന്നാല്‍ നേട്ടം എന്ന കോണ്‍ഗ്രസ്-ജെഡിഎസ് കണക്കുകൂട്ടല്‍ ശരിയല്ലെന്നതിന് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വിശകലനം തെളിവ്. രണ്ട് സീറ്റില്‍ മാത്രമാണ് ഒന്നിച്ചു നിന്നാലും അവര്‍ക്ക് അധികമായി മേല്‍ക്കൈ കിട്ടുക. ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. 2013ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 122 സീറ്റുമായി കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതിനു തൊട്ടുപിന്നാലെയായിരുന്നു 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ ബിജെപിക്ക് 17ഉം കോണ്‍ഗ്രസിന് ഒമ്പതുമായിരുന്നു സീറ്റ്. 104 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരിക്കെ, ഇപ്പോള്‍, അങ്ങനൊരു അനുകൂല ഘടകവും സഖ്യത്തിനില്ലെന്നതും ഓര്‍ക്കണം. 

ഇതിനെല്ലാം പുറമേയാണ് മൂന്നാം സ്ഥാനക്കാരനായ സഖ്യകക്ഷിക്ക് മുഖ്യമന്ത്രി പദം നല്‍കി പ്രീണിപ്പിക്കുന്നതിലൂടെ കോണ്‍ഗ്രസിനു ദേശീയ തലത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ നഷ്ടപ്പെടുന്ന സ്വാധീനം.

ഒടുവില്‍, കക്ഷത്തില്‍ ഇരുന്നത് പോവുകയും ഉത്തരത്തില്‍ ഇരുന്നത് കിട്ടിയുമില്ല എന്ന അവസ്ഥയാവും മിക്കവാറും കോണ്‍ഗ്രസിന്റേത്!

ശ്യാം ഗോപാല്‍

(മാനേജ്‌മെന്റ് പ്രൊഫഷണല്‍, സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ ബ്ലോഗ് എഴുത്തുകാരന്‍)

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.