കോട്ടയം: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ മാറിയെന്ന ഹര്‍ജി വിദ്യാര്‍ഥിനി പിന്‍വലിച്ചു. കോട്ടയം സ്വദേശിയായ സിബിഎസ്ഇ വിദ്യാര്‍ഥിനി അമിയ സലിമായിരുന്നു പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തുടര്‍ പഠനത്തിന് തടസം ഉണ്ടാകാതിരിക്കാനാണ് ഹര്‍ജി പിന്‍വലിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന് പ്രതികരിച്ചു. ചോദ്യപ്പേപ്പര്‍ മാറിയെന്നും പകരം പരീക്ഷ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി വാസ്തവ വിരുദ്ധമെന്ന്സിബിഎസ്ഇ കോടതിയെ അറിയിച്ചിരുന്നു.
ചോദ്യപേപ്പര്‍ മാറിയ വിവരം വിദ്യാര്‍ഥിനി ഇന്‍വിജിലേറ്ററെ അറിയിച്ചില്ലെന്നും 2016ല്‍ തന്റെ സഹോദരന് എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി പരീക്ഷ എഴുതിയതാകാമെന്നും സിബിഎസ്ഇ അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: