'വിജയന്‍ വിമതന്‍' ഗ്രൂപ്പ് പോരില്‍ കുരുങ്ങി കോണ്‍ഗ്രസ്

Monday 21 May 2018 3:47 pm IST
തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ സാധാരണ കോണ്‍ഗ്രസുകാര്‍ കാര്യം കാണാന്‍ ഗ്രൂപ്പ് വൈരം മാറ്റിവെക്കുകയാണ് പതിവെങ്കിലും ചെങ്ങന്നൂരില്‍ സ്ഥിതി വ്യത്യസ്തമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിനെതിരെ കടുത്ത പ്രതിഷേധമാണ് മണ്ഡലത്തിലുടനീളം കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നത്.

ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ സാധാരണ കോണ്‍ഗ്രസുകാര്‍ കാര്യം കാണാന്‍ ഗ്രൂപ്പ് വൈരം മാറ്റിവെക്കുകയാണ് പതിവെങ്കിലും ചെങ്ങന്നൂരില്‍ സ്ഥിതി വ്യത്യസ്തമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിനെതിരെ കടുത്ത പ്രതിഷേധമാണ് മണ്ഡലത്തിലുടനീളം കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നത്. വിജയകുമാറിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് വിമതന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് തുല്യമാണെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എല്ലാക്കാലത്തും വിമതനായി നിന്നയാളാണ് വിജയകുമാറെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ചെങ്ങന്നൂരില്‍ മത്സരിച്ച എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ഒരു പ്രഖ്യാപിത റിബലിനെ തങ്ങളുടെ തലയില്‍ ഇക്കുറി അടിച്ചേല്‍പിക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. 

മുതിര്‍ന്ന കോണ്‍ഡഗ്രസ് പ്രവര്‍ത്തകരുടെ അമര്‍ഷം ഇല്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ ശ്രമിച്ചെങ്കിലും തെരഞ്ഞെടുപ്പ് അടുക്കും തോറും അത് വര്‍ധിക്കുകയാണെന്നാണ് സൂചന. ആലായിലും മറ്റും ഗ്രൂപ്പ് തര്‍ക്കം പരസ്യമായി കയ്യാങ്കളിയില്‍ വരെയെത്തി,

1991ല്‍ ചെങ്ങന്നൂരില്‍ ശോഭനാജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുകയും കൈപ്പത്തിക്ക് വോട്ട് ചെയ്യരുതെന്ന് പത്രസമ്മേളനം വിളിച്ച് ആവശ്യപ്പെടുകയും ചെയ്തയാളാണ് വിജയകുമാറെന്ന് ചെങ്ങന്നൂരിലെ കോണ്‍ഗ്രസുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പിലും വിജയകുമാര്‍ വിമതനും കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച ആളുമായിരുന്നു. ഇതിനുമുമ്പുള്ള  തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ഒരാളെ എങ്ങനെ യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ക്ക് അംഗീകരിക്കാനാകും എന്നാണ് പാര്‍ട്ടി യോഗങ്ങളില്‍ പോലും നേതാക്കന്മാര്‍ നേരിടുന്ന ചോദ്യം. 

കെപിസിസി നിര്‍വാഹകസമിതിയംഗമായിരിക്കെ ചെങ്ങന്നൂര്‍ കാര്‍ഷികവികസനബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച പാരമ്പര്യവും വിജയകുമാറിനുണ്ട്. 2017ലായിരുന്നു അത്. തരാതരം പോലെ ഗ്രൂപ്പ് മാറുകയും പാര്‍ട്ടിയെ തള്ളിപ്പറയുകയും ചെയ്ത ഒരാള്‍ക്ക് വേണ്ടി വോട്ട് ചോദിച്ച് ജനങ്ങളെ സമീപിക്കാനാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസിനുള്ളിലെ ഒരു പ്രബലവിഭാഗം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.