10 വര്‍ഷത്തെ താമസവിസ നല്‍കി യുഎഇ

Tuesday 22 May 2018 2:36 am IST

ദുബായ്: കഴിവുള്ള പ്രവാസികളെ ഗള്‍ഫില്‍ തന്നെ നിലനിര്‍ത്താന്‍ പുത്തന്‍ ഓഫറുമായി യുഎഇ ഭരണകൂടം. പുതിയ ഓഫര്‍ പ്രകാരം 10 വര്‍ഷത്തെ താമസ വിസയാണ് അനുവദിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് നിക്ഷേപകര്‍, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് താമസ വിസ കാലാവധി 10 വര്‍ഷം നീട്ടിയിരിക്കുന്നത്. ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. 

പുതിയ തീരുമാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ആണ് ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. നിലവില്‍ രണ്ടും, മൂന്നും വര്‍ഷമാണ് താമസവിസ കാലാവധി. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് യുഎഇയില്‍ 100 ശതമാനം ഉടമസ്ഥതയില്‍ സ്ഥാപനം തുടങ്ങാമെന്നും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.

മെഡിക്കല്‍, ശാസ്ത്രം, ഗവേഷണം, സാങ്കേതിക മേഖല, വന്‍കിട സംരഭകര്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് 10 വര്‍ഷത്തെ താമസവിസ നല്‍കുന്നതിലൂടെ മികവുള്ളവരെ രാജ്യത്ത് നിലനിര്‍ത്തുകയാണ് യുഎഇ ചെയ്യുന്നത്. ഇവരുടെ സേവനം യുഎഇക്ക് ലഭിക്കുന്നതോടെ ആഗോള രംഗത്തെ ഇഷ്ട രാജ്യമായി യുഎഇ മാറുമെന്ന് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.

ഈവര്‍ഷം അവസാനത്തോടെ പുതിയ തീരുമാനം നടപ്പില്‍ വരും. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റ് നിര്‍ദേശം നല്‍കി. നിലവിലെ താമസവിസാ പദ്ധതി പുനരവലോകനം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.