മലപ്പുറവും നിപ വൈറസ് ഭീതിയില്‍; പനി ബാധിച്ച് നാല് മരണം

Tuesday 22 May 2018 2:46 am IST

മലപ്പുറം: കോഴിക്കോട്ട്  നിപ വൈറസ് പനി  പടര്‍ന്ന സാഹചര്യത്തില്‍ മലപ്പുറവും ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി നാലുപേര്‍ ജില്ലയില്‍ പനി ബാധിച്ച് മരിച്ചിരുന്നു. കൊളത്തൂര്‍ താഴത്തില്‍ത്തൊടി വേലായുധന്‍ (48), മൂന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊടു മേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു(36), തെന്നല കൊടക്കല്ല് മന്നത്തനാത്ത് പടിക്കല്‍ ഉബീഷിന്റെ ഭാര്യ ഷിജിത(23), ചട്ടിപ്പറമ്പ് പാലയില്‍ മുഹമ്മദ് ഷിബിലി(14) എന്നിവരാണ് മരിച്ചത്. 

ഇവരുടെ മരണകാരണം നിപ വൈറസെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോഴിക്കോട് നിപ ബാധിച്ച് മരിച്ചവരുടെ സമാന രോഗലക്ഷണങ്ങളാണ് ഇവരിലും കണ്ടിരുന്നത്. മരിച്ചവരുടെ സ്രവങ്ങള്‍ വിദഗ്ധ പരിശോധനക്കായി അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ.

അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ സ്വകാര്യ ആശുപത്രികള്‍, സാമൂഹിക ആരോഗ്യ വിഭാഗം, ഐഎംഎ, വകുപ്പ്തല മേധാവികള്‍ എന്നിവരുടെ യോഗം കളക്‌ട്രേറ്റില്‍ ചേര്‍ന്നു. കൂടാതെ ഡിഎംഒയുടെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പിഎച്ച്‌സികളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെയും സുപ്രണ്ടുമാരുടെയും വെറ്ററിനറി ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തുകയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ജില്ലാ ആശുപത്രികളില്‍ അടിയന്തിരമായി സുരക്ഷാ കിറ്റുകളും മാസ്‌ക്കുകളും നല്‍കും. സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ഐഎംഎ വഴി നിപ വൈറസിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.

സംശയാസ്പദമായ കേസുകളില്‍ രോഗികളെ അഡ്മിറ്റ് ചെയ്യുകയാണെങ്കില്‍ സന്ദര്‍ശകരെ അനുവദിക്കേണ്ടതില്ല. മനുഷ്യരില്‍ നിന്നും മറ്റു മനുഷ്യരിലേക്ക് വളരെ വേഗത്തില്‍ രോഗം പകരുന്നതിനാലാണ് ഈ തീരുമാനം. താലൂക്ക് ആശുപത്രികളില്‍ ഉടന്‍ പനി ക്ലിനിക്കുകള്‍ തുടങ്ങും. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് ആംബുലന്‍സ് സൗകര്യം നല്‍കാനും സംശയാസ്പദമായ രോഗികളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ ആശുപത്രിയിലേക്ക് ഉടന്‍ അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. അവധിയിലുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ഡിഎംഒ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അന്തകനായി കിണര്‍

കോഴിക്കോട്: നിപ വൈറസിന്റെ തുടക്കം പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയില്‍ വളച്ചുകെട്ടിയില്‍ വീട്ടിലെ മൂസ പുതുതായി വാങ്ങിയ വീട്ടിലെ കിണറില്‍ നിന്നാണൊണ് നിഗമനം. പുതുതായി വാങ്ങിച്ച വീട്ടിലേക്ക് റംസാന്‍ മാസത്തിനുശേഷം മാറാനിരിക്കെയാണ് ദുരന്തം വന്നുപെട്ടത്. 

സാബിത്ത്, സ്വാലിഹ് എന്നിവര്‍ വീട്ടിലെ കിണര്‍ നന്നാക്കിയിരുന്നു. കിണറില്‍ ധാരാളം വവ്വാലുകള്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ നിന്നായിരിക്കാം മാരക വൈറസ് പടര്‍ന്നതെന്നാണ് സ്ഥലം സന്ദര്‍ശിച്ച മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ജി. അരുണ്‍കുമാര്‍ പറഞ്ഞു. കിണര്‍ അടച്ച് ഭദ്രമാക്കിയിട്ടുണ്ട്. വെറ്ററിനറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ കിണറിലെ വവ്വാലുകളെ പിടിച്ച് പരിശോധനയ്ക്ക് വിധേയമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.