'നിപ' പനിമരണം: സ്വകാര്യ ആശുപത്രികളുടെ സഹായം തേടും; മുഖ്യമന്ത്രി

Tuesday 22 May 2018 2:49 am IST

പാലക്കാട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലുണ്ടായ പനി മരണങ്ങള്‍ നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചതിനാല്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രതപുലര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വേണ്ടി വന്നാല്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ജില്ലാതല പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പെട്ടയുടന്‍ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും ലോകാരോഗ്യ സംഘടനയെയും ബന്ധപ്പെട്ടിരുന്നു. കേന്ദ്രത്തില്‍ നിന്നും ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുളള എല്ലാ കരുതല്‍ നടപടികളുംസ്വീകരിച്ചു.

മന്ത്രി ടി.പി രാമകൃഷ്ണന്‍ സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ കൃത്യമായ അവലോകനവും നടക്കുന്നുണ്ട്. രോഗത്തെ കുറിച്ച് ശക്തമായ ബോധവത്കരണമാണ് വേണ്ടതെന്നും മറ്റു സ്ഥലങ്ങളിലേയ്ക്കും ഇത് പടരാന്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.