സംസ്ഥാനത്ത് കാലവര്‍ഷം 29ന് എത്തും

Tuesday 22 May 2018 2:52 am IST

ഇടുക്കി: കേരളത്തില്‍ കാലവര്‍ഷം 29ന് എത്തുമെന്ന് തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ മഴയെത്തുന്നത് മാറാമെന്നും കേന്ദ്രം പത്രക്കുറിപ്പില്‍ പറയുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ഒന്നിനാണ് ആരംഭിക്കുന്നതെങ്കിലും മഴ നേരത്തെ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ആന്‍ഡമാന്‍ കടല്‍ മേഖലയില്‍ ദിവസങ്ങള്‍ക്കകം എത്തുന്ന കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ 23നും എത്തും. ഇതിനും ഒരാഴ്ചത്തെ മാറ്റം കണക്കുകൂട്ടുന്നു.

മുന്‍വര്‍ഷം കേരളത്തില്‍ മെയ് 30ന് തന്നെ തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുകയും അന്ന് തന്നെ മഴ ആരംഭിക്കുകയും ചെയ്തിരുന്നു. 2017ല്‍ ജൂണ്‍ ഏഴിന് മണ്‍സൂണ്‍ എത്തിയെങ്കിലും മഴ ലഭിച്ചത് പിറ്റേന്ന് മുതലാണ്. 2015ല്‍ മെയ് 30ന് മണ്‍സൂണ്‍ എത്തിയെങ്കിലും ജൂണ്‍ അഞ്ചിനാണ് മഴ എത്തിയത്. 2014 ജൂണ്‍ അഞ്ചിന് മണ്‍സൂണ്‍ എത്തിയെങ്കിലും പിറ്റേന്നാണ് മഴ ലഭിച്ചത്. ഇത്തവണ കേരളത്തില്‍ മികച്ച മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈദ്യുതി ബോര്‍ഡിന്റെ കണക്ക് പ്രകാരം 2017-18 മഴ വര്‍ഷം അവസാനിക്കാന്‍ ഇനി 10 ദിവസം കൂടിയാണുള്ളത്. ബോര്‍ഡിന് ഓഖി കൊടുങ്കാറ്റും വേനല്‍മഴയും കോടികളുടെ നഷ്ടം ഉണ്ടാക്കിയെങ്കിലും വൈദ്യുതി മുടക്കം ഇല്ലാതിരുന്ന ഒരു വര്‍ഷമാണ് കടന്നുപോകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.