നിപ വൈറസ് ഭീതിയില്‍ കേരളം; ആരോഗ്യവകുപ്പ് മെല്ലെപ്പോക്കില്‍

Tuesday 22 May 2018 2:54 am IST

തിരുവനന്തപുരം: നിപ ബാധിച്ച് പത്തിലേറെ പേര്‍  മരിച്ചതോടെ സംസ്ഥാനത്ത്  ആശങ്ക.  ആരോഗ്യവകുപ്പ് മെല്ലെപ്പോക്കിലാണ്. നിപ വൈറസ് ബാധിതരുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മാത്രം സര്‍ക്കാര്‍ സംവിധാനം ശ്രദ്ധ കേന്ദീകരിക്കുമ്പോള്‍ മറ്റ് ജില്ലകളില്‍ വൈറസ് ബാധ പടരാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നില്ല. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോള്‍ തന്നെ വൈറസ് പരിശോധിച്ച് കണ്ടുപിടിക്കാന്‍  യാതൊരു സംവിധാനവും  കേരളത്തില്‍ ഇല്ല. 

വീട്ടുമുറ്റത്തെ ഫലവൃക്ഷങ്ങളിലെ   വാവലുകളെ കൗതുകത്തോടെ നോക്കിനിന്നവര്‍ ഇപ്പോള്‍ ഭീതിയിലാണ്.  വാവലുകള്‍ കടിച്ച പഴങ്ങളില്‍ നിന്നു വൈറസ് ബാധ ഉണ്ടാകാമെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ കൂടുതല്‍ ആശങ്കയിലാണ്. എലിപ്പനിക്കും പക്ഷിപ്പനിക്കും ഡെങ്കിപ്പനിക്കും പിന്നാലെയാണ് നിപ വൈറസിന്റെ കടന്നു വരവ്. കഴിഞ്ഞ തവണ ഡെങ്കിപ്പനി ബാധിച്ച് നൂറുകണക്കിനു പേര്‍ മരിക്കാനിടയായ  വേനല്‍ക്കാലത്തിന്റെ അവസാനമാണ് നിപ വൈറസിന്റെ   വരവ്.

ഡങ്കിയും  പടരുന്നു

വേനല്‍മഴ കടുത്തതോടെ ഡെങ്കിപ്പനിയും വ്യാപിക്കുന്നുണ്ട്.  ഓരോ ജില്ലയിലും ദിനം പ്രതി അയ്യായിരത്തോളം പനി ബാധിതര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്.  ഇത് ഡോക്ടര്‍മാര്‍ക്കിടയിലും  നഴ്‌സുമാരുടെ ഇടയിലും ആശങ്ക പരത്തുന്നു. ഡെങ്കിപ്പനിയുടെയും നിപ വൈറസ് ബാധയുടെയും  ലക്ഷണങ്ങള്‍  ഒരു പോലെയാണ്.  രണ്ട് അസുഖത്തിനും പനിയും തലവേദനയും ചര്‍ദ്ദിയും രോഗലക്ഷണങ്ങളാണ്. ഡെങ്കി വൈറസിനെയും നിപ വൈറസിനെയും പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരെയും കണ്ടു പിടിച്ചിട്ടുമില്ല. 

രോഗ ലക്ഷണം കാണാന്‍ അഞ്ചുദിവസം വരെ വേണ്ടിവരും.  വൈറസിനെ  തിരിച്ചറിയാനുള്ള ആധുനിക വൈറോളജി ലാബുകള്‍ കേരളത്തില്‍ ഇല്ല. പൂനയിലോ മണിപ്പാലിലോ ഉള്ള ലാബുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.  യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴയില്‍ വൈറോളജി ലാബ് സ്ഥാപിച്ച് ഉദ്ഘാടനവും നടത്തി. എന്നാല്‍ വൈറസ് പരിശോധന നടത്തേണ്ട ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല. ഈ സര്‍ക്കാരാകട്ടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയ്ക്ക് ലാബിലേക്ക് നിരവധി ജീവനക്കാരെ നിയമിച്ചതല്ലാതെ മെഷീനുകള്‍  സ്ഥാപിച്ചതുമില്ല. 

കോഴിക്കോട്ട് രോഗിയെ പരിചരിച്ച നഴ്‌സും മരിച്ചതോടെ ആശുപത്രി ജീവനക്കാര്‍ക്ക്  സുരക്ഷാ  ഒരുക്കാനാകാതെ സൂപ്രണ്ടുമാര്‍ ബുദ്ധിമുട്ടുന്നു. രോഗികളുമായി അടുത്ത് ഇടപഴകുന്ന ജീവനക്കാര്‍ക്ക് ധരിക്കാനുള്ള മാസ്‌ക്കും കൈയുറകളും  മുതിര്‍ന്ന ഡോക്ടര്‍മാര്‍ പുറത്ത് നിന്ന് വാങ്ങി നല്‍കുന്ന അവസ്ഥയിലാണ് ഒട്ടു മിക്കആശുപത്രികളും. രോഗ ബാധിതര്‍ ആദ്യം എത്തുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാകട്ടെ യാതൊരു മൂന്നൊരുക്കങ്ങളും ഇതുവരെ നടത്തിയിട്ടുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.