പുത്തന്‍ സാങ്കേതിക വിദ്യയില്‍ ബ്രഹ്‌മോസ് പരീക്ഷണം വിജയം

Tuesday 22 May 2018 2:59 am IST

ബാലസോര്‍(ഒഡീഷ): ഇന്ത്യയുടെ  സൈന്യത്തിന്റെ പ്രഹരശേഷി കൂടുതല്‍ കരുത്തുറ്റതാക്കി ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചന്ദിപുരിലെ വിക്ഷേപണത്തറയില്‍ നിന്ന് ഇന്നലെ രാവിലെ 10.40നായിരുന്നു പരീക്ഷണമെന്ന് പ്രതിരോധ ഗവേഷണ, വികസന സംഘടന(ഡിആര്‍ഡിഒ) അറിയിച്ചു.

ഇന്ത്യ-റഷ്യ സംയുക്ത നിര്‍മിതിയായ ബ്രഹ്‌മോസിന്റെ വിജയകരമായ പരീക്ഷണം ഇന്ത്യയുടെ ആയുധശേഷിക്ക് കനത്ത മുതല്‍ക്കൂട്ടാണ്. ബ്രഹ്‌മോസ് മിസൈലിന്റെ ആയുസ്സ് കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് ഡിആര്‍ഡിഒ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച പുതിയ സാങ്കേതിക സംവിധാനം കൂടി ഘടിപ്പിച്ചുള്ള പരീക്ഷണമാണ് ഇന്നലെ നടത്തിയത്. മിസൈലുകളുടെ ആയുര്‍ദൈര്‍ഘ്യത്തിനുള്ള സാങ്കേതിക വിദ്യ ഇന്ത്യയില്‍ വികസിപ്പിക്കുന്നത് ഇതാദ്യമാണ്. പരീക്ഷണം വിജയമാക്കിയ ഡിആര്‍ഡിഒ ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അഭിനന്ദിച്ചു. 

കര, നാവിക സേനകള്‍ക്ക് നേരത്തേതന്നെ ബ്രഹ്‌മോസ് മിസൈല്‍ കൈമാറിയതാണ്. വ്യോമസേനയ്ക്കുള്ള മിസൈല്‍ പരീക്ഷണ ഘട്ടം കഴിഞ്ഞിട്ടുണ്ട്. കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തു നിന്നും അന്തര്‍വാഹിനിയില്‍ നിന്നും പ്രയോഗിക്കാനുന്ന മിസൈലാണ് ബ്രഹ്‌മോസ്. മിസൈലിന്റെ വിവിധ ഘട്ടങ്ങളിലെ പരീക്ഷണത്തിനു ശേഷമാണ് സൈന്യത്തിനു കൈമാറിയത്. സുഖോയ്30 വിമാനത്തില്‍ നിന്നുള്ള ബ്രഹ്‌മോസിന്റെ വിക്ഷേപണം കഴിഞ്ഞ വര്‍ഷം നവംമ്പറില്‍ നടത്തിയിരുന്നു. സുഖോയ് വിമാനത്തില്‍ നിന്ന് തൊടുത്ത ബ്രഹ്‌മോസ് ബംഗാള്‍ ഉള്‍ക്കടലില്‍ കൃത്രിമമായി തയാറാക്കിയ ലക്ഷ്യത്തില്‍ പതിച്ചിരുന്നു. 

കരയില്‍ നിന്നും കടലില്‍ നിന്നും വിക്ഷേപിക്കുന്നതിനേക്കാള്‍ 500 കിലോ ഭാരം കുറവാണ് ആകാശത്തു നിന്നു വിക്ഷേപിക്കാവുന്ന ബ്രഹ്‌മോസിന്. ഡിആര്‍ഡിഒയിലെ ഉദ്യോഗസ്ഥര്‍ വിവിധ ഘട്ടങ്ങളില്‍ ബ്രഹ്‌മോസില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രഹര പരിധി 290 കിലോമീറ്ററില്‍ 400 കിലോമീറ്ററാക്കി. രണ്ടു വര്‍ഷം മുമ്പു ജൂണില്‍ വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ ഇത് 800 കിലോമീറ്റര്‍ വരെയാക്കാം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.