മാദ്ധ്യമപ്രവര്‍ത്തനം കച്ചവടമായി അധഃപതിച്ചു: ജെ. നന്ദകുമാര്‍

Tuesday 22 May 2018 3:01 am IST

ആലപ്പുഴ: മാദ്ധ്യമപ്രവര്‍ത്തനം  കച്ചവടമായി മാറിയിരിക്കുകയാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. വിശ്വസംവാദ കേന്ദ്രം നാരദജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് സേവനമായിരുന്നു മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ പ്രധാന ലക്ഷ്യം. പിന്നീട് ആദ്യം സേവനം രണ്ടാമത് വ്യവസായം എന്ന നിലയിലായി. അറുപതുകള്‍ക്കുശേഷം ആദ്യസ്ഥാനം വ്യവസായത്തിനു ലഭിച്ചു. ഇന്ന് കച്ചവടം മാത്രമാണ് ഈരംഗത്തുള്ളത്. വ്യാജവാര്‍ത്തകള്‍ക്കും പെയ്ഡ് ന്യൂസുകള്‍ക്കും പ്രാമുഖ്യം ലഭിക്കുന്ന ദുരവസ്ഥയാണുള്ളത്.

ദേശീയതയ്ക്ക് പ്രാമുഖ്യമുള്ള വാര്‍ത്തകള്‍ക്ക് മാദ്ധ്യമങ്ങളില്‍ പ്രാധാന്യം കുറയുന്നു. ബോധപൂര്‍വ്വം ദേശീയതയെ അവഗണിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പാരമ്പര്യത്തെ ഇകഴ്ത്തിക്കാട്ടുകയും വായനക്കാരില്‍ അപമാനകരമായ പരാജയബോധം വളര്‍ത്തുകയുമാണ് ഇവര്‍ ചെയ്യുന്നത്.

പത്രപ്രവര്‍ത്തനം നിര്‍മ്മാണാത്മകമായി മാറണമെന്ന ഗാന്ധിജിയുടെ അഭിപ്രായത്തിന് ഇന്നും പ്രാധാന്യം ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ടി.വി. പ്രസാദിന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. കെ.ജി. പത്മകുമാര്‍ അവാര്‍ഡു നല്‍കി. മണ്ണാറശ്ശാല വാസുദേവന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥമുള്ള കാഷ് അവാര്‍ഡ് സമര്‍പ്പണം സഹോദരന്‍ മണ്ണാറശ്ശാല എന്‍.ജി. രാമന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു.

ഡോ. എസ്. ഉമാദേവി അദ്ധ്യക്ഷയായി. ജെ. മഹാദേവന്‍,  പ്രസ്‌ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍, റൈറ്റേഴ്‌സ് ഫോറം ട്രഷറര്‍ ബി. സുജാതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ആര്‍. സുബ്രഹ്മണ്യന്‍ സ്വാഗതവും കെ.പി. രൂപേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.