നടക്കുന്നത് പുറത്ത് പറയാന്‍ കഴിയാത്ത കാര്യങ്ങളെന്ന് ഹസന്റെ വെളിപ്പെടുത്തല്‍ ; കോണ്‍ഗ്രസിനെ വെട്ടിലാക്കി

Tuesday 22 May 2018 3:03 am IST

ആലപ്പുഴ: 1991ലെ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ നടത്തിയ തുറന്നു പറച്ചില്‍ വെട്ടിലാക്കിയത് കോണ്‍ഗ്രസിനെ. 1991ല്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടംപിടിച്ച ആളായിരുന്നു വിജയകുമാറെന്നും അവസാന നിമിഷം വിജയകുമാറിനെ വെട്ടി ശോഭന ജോര്‍ജ്ജിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയെന്നും അതിന്റെ കാരണങ്ങള്‍ ക്യാമറയ്ക്കു മുന്നില്‍ പറയാനാകില്ലെന്നുമായിരുന്നു ഹസന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിച്ചത്. 

 പുറത്തുപറയാന്‍ കഴിയാത്ത എന്ത് ഇടപാടാണ് കോണ്‍ഗ്രസിനുള്ളില്‍ നടന്നതെന്നാണ്  ചോദ്യം. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അണിയറ കഥകള്‍ ഹസന്റെ തുറന്നു പറച്ചിലോടെ ചര്‍ച്ചയാകാനാണ് സാദ്ധ്യത. മുന്‍പും പല തെരഞ്ഞെടുപ്പുകളിലും അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ രംഗപ്രവേശം ചെയ്തത് ഇത്തരം പുറത്തുപറയാന്‍ കഴിയാത്ത ഇടപാടുകളിലൂടെയാണോ എന്നും വിമര്‍ശനം ഉയരുന്നു. 

 തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്‍വലിക്കാന്‍ ഹസന്‍ തയ്യാറായില്ലെങ്കില്‍ 28ന് തെരഞ്ഞെടുപ്പിനു ശേഷം മറുപടി പറയുമെന്ന് ശോഭന ജോര്‍ജ്ജ് പറഞ്ഞു. ഹസന്‍ ഉദ്ദേശിച്ചതു പോലെ 91 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാമറയ്ക്കു മുന്നില്‍ പറയാന്‍ കഴിയാത്ത എന്തെങ്കിലും കാര്യങ്ങള്‍ നടന്നോ എന്ന കാര്യം തനിക്കറിയില്ലെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത്. അന്നത്തെ എഐസിസി അദ്ധ്യക്ഷന്‍ രാജീവ് ഗാന്ധിയായിരുന്നു. അദ്ദേഹമാണ് സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചത്. രാജീവിനെ കൂടി അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശമാണ് ഹസന്‍ നടത്തിയിരിക്കുന്നത്. മാന്യതയുണ്ടെങ്കില്‍ എന്താണ് കാര്യമെന്ന് വെളിപ്പെടുത്തണം അല്ലെങ്കില്‍ പരാമര്‍ശം പിന്‍വലിക്കണം. 

 ഒരു വനിത എന്ന നിലയിലും പൊതുപ്രവര്‍ത്തക എന്ന നിലയിലും വിഷയവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ശോഭന പറഞ്ഞു. വിഷയത്തില്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസില്‍ നടക്കുന്ന പുറത്തു പറയാന്‍ കഴിയാത്ത കഥകളാണ് ചെങ്ങന്നൂരില്‍ പ്രചാരണ രംഗത്ത് നിറയുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.