നായനാര്‍ അക്കാദമിയിലെ നായാനാരുടെ പ്രതിമക്ക് മുഖച്ഛായയില്‍ മാറ്റമെന്ന് ആരോപണം

Monday 21 May 2018 8:58 pm IST

 

കണ്ണൂര്‍: സിപിഎം നേതൃത്വം കോടികള്‍ ചെലവിട്ട് കണ്ണൂരില്‍ നിര്‍മ്മിച്ച നായനാര്‍ അക്കാദമിയില്‍ സ്ഥാപിച്ച നായനാരുടെ പ്രതിമക്ക് നായനാരുടെ യഥാര്‍ത്ഥ മുഖവുമായി സാദൃശ്യമില്ലെന്ന് ആരോപണം. അക്കാദമിയുടെ മുന്നില്‍ സ്ഥാപിച്ച കൂറ്റന്‍ വെങ്കല പ്രതിമ തിരുവല്ല സ്വദേശിയും ശില്‍പകലാ അധ്യാപകനുമായ തോമസ് ജോണ്‍ കോവൂരിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ സര്‍വ്വകലാശാലയിലെ ശില്‍പകലാ വിഭാഗം ജയ്പൂരില്‍വെച്ചാണ് നിര്‍മ്മിച്ചത്. ഒമ്പതര അടി വലുപ്പമുള്ള പ്രതിമക്ക് എട്ട് ക്വിന്റലോളം ഭാരമുണ്ട്. നായനാരുടെ മുഖവുമായി ഒരു സാദൃശ്യവുമില്ലാത്ത പ്രതിമ സ്ഥാപിച്ചത് പാര്‍ട്ടി അനുഭാവികള്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. പ്രതിമ മാറ്റിസ്ഥാപിക്കണമെന്നാണ് പാര്‍ട്ടി അനുഭാവികളുടെ ആവശ്യം.

ടൗണ്‍ സ്‌ക്വയര്‍ വ്യാപാരാവശ്യത്തിന് നല്‍കിയത് പ്രതിഷേധത്തിന് കാരണമാകുന്നു

തളിപ്പറമ്പ്: തളിപ്പറമ്പിലെ ടൗണ്‍സ്‌ക്വയര്‍ വ്യാപാരാവശ്യത്തിന് വാടകക്ക് നല്‍കിയസംഭവം പ്രതിഷേധത്തിന് കാരണമാകുന്നു. ദേശീയപാതക്കരികില്‍ നടക്കാറുള്ള പൊതുയോഗങ്ങളും സാംസ്‌കാരിക പരിപാടികളും മാറ്റി ഒരു പൊതുസ്ഥലമെന്ന ആശയത്തിലാണ് തളിപ്പറമ്പില്‍ ടൗണ്‍സ്‌ക്വയര്‍ നിര്‍മ്മിക്കാന്‍ നഗരസഭ തീരുമാനിച്ചത്. മൂന്ന് ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ആര്‍ക്കും വാടകക്ക് കൊടുക്കരുത് എന്ന ഉപാധിയോടെയാണ് ഇത് തുടങ്ങിയതെങ്കിലും നഗരസഭാ അധികൃതര്‍ ആഴ്ചകളോളം പലര്‍ക്കും ടൗണ്‍ സ്‌ക്വയര്‍വാടകക്ക് നല്‍കി ഈ ധാരണ തെറ്റിച്ചിരുന്നു.

ഇപ്പോള്‍ ഒരുവ്യക്തിക്ക് ദീര്‍ഘകാലത്തേക്കാണ് ടൗണ്‍ സ്‌ക്വയര്‍ വാടകക്ക് നല്‍കിയിട്ടുള്ളത്. പ്രതിദിനം 3500 രൂപ വാടകക്ക് എടുത്ത ഇയാള്‍ പതിനഞ്ചോളം പേര്‍ക്ക് ഇത് തിരിച്ചു നല്‍കിയിരിക്കുകയാണ്. ചെറിയസ്റ്റാളുകളായിതിരിച്ച് ആയിരം മുതല്‍ രണ്ടായിരംവരെയാണ് ഇയാള്‍ കച്ചവടക്കാരില്‍ നിന്നും ഈടാക്കുന്നത്. 

ഇപ്പോള്‍ ടൗണ്‍ സ്‌ക്വയര്‍ പൊതുയോഗങ്ങള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും ആവശ്യപ്പെടുന്നവരെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരത്തില്‍ മറിച്ചുനല്‍കിയത് എന്നാണ് ആരോപണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.