തിരുശക്തിമുത്തം അഥവാ ശക്തിവനേശ്വരർ ആലയം

Tuesday 22 May 2018 3:04 am IST
നവദമ്പതികള്‍ തിങ്കളാഴ്ച ദേവീദേവന്മാരെ ദര്‍ശിച്ച് പൂജ ചെയ്യുന്നത് സംതൃപ്ത ദാമ്പത്യത്തിന് നല്ലതാണ്. ദാമ്പത്യത്തില്‍ അസ്വാരസ്യമുള്ളവര്‍ ക്ഷേത്രത്തിന്റെ നിലവും നടപ്പാതകളും പരിസരങ്ങളും വൃത്തിയാക്കുന്നതും ദേവീദേവന്മാര്‍ക്ക് പാല്‍ അഭിഷേകം നടത്തുന്നതും വസ്ത്രം സമര്‍പ്പിക്കുന്നതും വളരെ ഫലപ്രദമായ പരിഹാരമാണ്.

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ കുംഭകോണത്തിനടുത്താണ് തിരുശക്തിമുത്തം എന്നറിയപ്പെടുന്ന പ്രസിദ്ധമായ ശിവക്ഷേത്രം.ഭഗവാന്‍ ശിവകൊഴുണ്ടേശ്വരര്‍, ദേവി പെരിയനായകി. പാര്‍വതീദേവി ഭഗവാന്റെ ആലിംഗനവും ചുംബനവും ലഭിക്കുന്നതിനായി ഇവിടെ വനത്തില്‍ കൊടും തപസ്സനുഷ്ഠിച്ചു. ഭഗവാന്‍ ദേവിയെ പരീക്ഷിച്ചുകൊണ്ടിരുന്നു, അതുകൊണ്ടുതന്നെ ദര്‍ശനം വൈകിക്കുകയും ചെയ്തു. പരീക്ഷിക്കുകയാണെന്ന് മനസ്സിലാക്കിയ ദേവി ഒറ്റക്കാലില്‍ തപസ്സ് തുടര്‍ന്നു.

ദേവിയുടെ തപസ്സില്‍ തൃപ്തനായെങ്കിലും ഭഗവാന്‍ പരീക്ഷണം തുടര്‍ന്നു. ദര്‍ശനം നല്‍കിയ ഭഗവാന്‍ ദേവിയുടെ ഇംഗിതം എന്താണെന്ന് ചോദിച്ചറിഞ്ഞു. അതറിഞ്ഞ ദേവന്‍ അപ്രത്യക്ഷനായി ഉടന്‍ അഗ്നിജ്വാലയായി തിരിച്ചുവന്നു. ഭഗവാനെ ആ രൂപത്തില്‍ കണ്ട ദേവി ഒട്ടും കുലുങ്ങാതെ ജ്വാലയെ ആഹ്ലാദപൂര്‍വ്വം ആലിംഗനം ചെയ്തു. ഉടന്‍ ഭഗവാന്‍ യഥാര്‍ത്ഥ രൂപം കാണിച്ചു. ദേവി പെരിയനായകി ശിവലിംഗത്തെ ആലിംഗനം ചെയ്ത് ചുംബിക്കുന്ന വിഗ്രഹം ക്ഷേത്രത്തില്‍ ആരാധിച്ചു വരുന്നു. തിരു എന്നുവച്ചാല്‍ പവിത്രമായ, ശക്തി എന്നുവച്ചാല്‍ പരാശക്തിയായത്. ദേവി, മുത്തം അഥവാ ചുംബനം നല്‍കിയ സ്ഥലം തിരുശക്തിമുത്തം എന്ന് അറിയപ്പെടാന്‍ തുടങ്ങി. ശിവശക്തിമുത്തം എന്നും പറയാറുണ്ട്.

പ്രധാന കവാടത്തില്‍ അഞ്ചുനിലയുള്ള രാജഗോപുരമുണ്ട്. ആദ്യ പ്രാകാരത്തില്‍ വല്ലഭ ഗണപതിയുടെയും നന്ദിയുടെയും  പ്രതിഷ്ഠകളുണ്ട്. കൂടാതെ ബലിപീഠവും വസന്ത മണ്ഡപവും കാണാം. രണ്ടാമത്തെ പ്രാകാരത്തില്‍ വിനായകന്‍, മുരുകന്‍, ദേവി, സോമസ്‌കന്ധര്‍ എന്നിവരുടെ വിഗ്രഹങ്ങളുണ്ട്. തിരുജ്ഞാന സംബന്ധരുടെയും അപ്പരുടെയും പ്രതിഷ്ഠകളും കാണാം. നൃത്തമണ്ഡപവുമുണ്ട്.

ഉള്ളില്‍ വിനായകന്‍, അഗസ്ത്യര്‍, ഗുരു, ലിംഗോദ്ഭവര്‍, ആറുമുഖന്‍, കാശിവിശ്വനാഥര്‍, ചണ്ഡികേശ്വരന്‍, ഗജലക്ഷ്മി എന്നിവരുടെ സന്നിധികളുണ്ട്. കൂടാതെ അഗസ്ത്യര്‍ പ്രതിഷ്ഠിച്ച ത്രിലിംഗവും. പെരിയ നായകി അമ്മന് പ്രത്യേക സന്നിധിയുണ്ട്; പ്രവേശന കവാടത്തില്‍ ശിവനെ ആലിംഗനം ചെയ്യുന്ന ദേവിയുടെ രൂപവും. നടരാജസന്നിധിയും ശരഭേശ്വര സന്നിധിയും പ്രാധാന്യമുള്ളതാണ്. തീര്‍ത്ഥം സൂര്യപുഷ്‌കരണി.

മുത്തുപ്പന്തല്‍ ഉത്സവം, രഥസപ്തമി, ഷഷ്ഠി, ധനുമാസത്തിലെ തിരുവാതിര, ശിവരാത്രി എന്നിവയാണ് പ്രധാന ആഘോഷങ്ങള്‍. നവദമ്പതികള്‍ തിങ്കളാഴ്ച ദേവീദേവന്മാരെ ദര്‍ശിച്ച് പൂജ ചെയ്യുന്നത് സംതൃപ്ത ദാമ്പത്യത്തിന് നല്ലതാണ്. ദാമ്പത്യത്തില്‍ അസ്വാരസ്യമുള്ളവര്‍ ക്ഷേത്രത്തിന്റെ നിലവും നടപ്പാതകളും പരിസരങ്ങളും വൃത്തിയാക്കുന്നതും ദേവീദേവന്മാര്‍ക്ക് പാല്‍ അഭിഷേകം നടത്തുന്നതും വസ്ത്രം സമര്‍പ്പിക്കുന്നതും വളരെ ഫലപ്രദമായ പരിഹാരമാണ്.

ശക്തിദേവി തപസ്സിരുന്ന ഇവിടം ശക്തിവനം എന്നും ദേവി ബൃഹന്നായകി എന്നും അറിയപ്പെടുന്നു. കുംഭകോണത്തുനിന്ന് 5 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം, ധാരാസുരത്തുനിന്ന് 3 കിലോമീറ്റര്‍. പട്ടീശ്വരം ക്ഷേത്രത്തിന്റെ തൊട്ടടുത്ത തെരുവിലാണ് ക്ഷേത്രം.

ഡോ. പി.ബി. ലല്‍കാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.