നിപ്പ വൈറസ് പനി: കണ്ണൂരിലും ജാഗ്രതാ നിര്‍ദ്ദേശം

Monday 21 May 2018 9:07 pm IST

 

കണ്ണൂര്‍: വൈറസ് ബാധമൂലമുണ്ടാകുന്ന മാരകരോഗമായ നിപ്പ വൈറസ് പനിക്കെതിരെ കണ്ണൂരിലും ജാഗ്രതാ നിര്‍ദ്ദേശം. അടിയന്തിര സാഹചര്യം വിലയിരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്നലെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. അടിയന്തിര ഘട്ടത്തില്‍വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കര്‍ശ്ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വൈറസ്ബാധമൂലമുണ്ടാകുന്ന പനിബാധിച്ച് കോഴിക്കോട് ഏതാനുംപേര്‍ മരിക്കുകയും ചിലര്‍ക്ക് രോഗബാധയുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തതോടുകൂടിയാണ് കണ്ണൂരിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. എവിടെയെങ്കിലും വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലയിലെ മുഴുവന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനിയും പെട്ടെന്നുണ്ടാകുന്ന ബോധക്ഷയവുമാണ് പൊതുവായലക്ഷണം. അതിനാല്‍ പനി, കഠിനമായ തലവേദന, ഛര്‍ദ്ദി, തലകറക്കം എന്നിയുണ്ടായാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം.

ജില്ലയില്‍ മലയോര മേഖലകളില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകമായി ബാധിച്ചിട്ടുണ്ട്. പനിബാധിച്ച് കൊട്ടിയൂരില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലകളില്‍ മുന്‍കരുതല്‍പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നിപ്പ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിനുകള്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് വാര്‍ത്തകളാണ് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.