ഇതര സര്‍വ്വകലാശാലകള്‍ നല്‍കുന്ന ബിരുദങ്ങള്‍ക്ക് തുല്യതാ പത്രം നല്‍കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശം: ഉപസമിതിയെ നിയോഗിച്ചു

Monday 21 May 2018 9:08 pm IST

 

കണ്ണൂര്‍: രാജ്യത്തിനകത്തും പുറത്തുമുള്ള ഇതര സര്‍വ്വകലാശാലകള്‍ നല്‍കുന്ന ബിരുദങ്ങള്‍ക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ തുല്യതാ പത്രം നല്‍കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിന് മൂന്ന് ഡീന്‍മാരുള്‍പ്പെടുന്ന ഉപസമിതിയെ നിയോഗിക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

കോളജുകളിലെയും സര്‍വ്വകലാശാലാ പഠനവകുപ്പുകളിലെയും മധ്യവേനലവധിക്കാലം പുനഃക്രമീകരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകണമെന്ന് യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ അധ്യാപക സംഘടനകളുടെ അഭിപ്രായം സര്‍ക്കാരിനെ അറിയിക്കും.

ഐടി പഠന വകുപ്പിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ പ്രതിമാസ വേതനം 15200 രൂപയില്‍ നന്ന് 18000 രൂപയായി ഇവയിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. കണ്ണൂര്‍ സര്‍വ്വകലാശാലക്ക് കീഴില്‍ ഫൈന്‍ ആര്‍ട്‌സ് സ്‌കൂളും സ്‌പെഷല്‍ എഡ്യുക്കേഷന്‍ പഠന വകുപ്പും ആരംഭിക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തുന്നതിന് ഉപസമിതികളെ നിശ്ചയിച്ചു.

സ്വാശ്രയ കോളജിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് നിയോഗിച്ച മോണിറ്ററിംഗ് കമ്മറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് സര്‍വ്വകലാശാലാ ഉത്തരവ് ഇറക്കുന്നതിന് തീരുമാനിച്ചു. സര്‍വ്വകലാശാല ഐടി പഠനവകുപ്പില്‍ ഡോ.ആര്‍.കെ.സുനില്‍കുമാറിനെ ഹൈക്കോടതി വിധി പ്രകാരം അസി.പ്രൊഫസറായി നിയമിക്കാന്‍ തീരുമാനിച്ചു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സ്റ്റാഫ് പ്രൊഫൈല്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തുന്ന സ്വാശ്രയ കോളജുകള്‍ക്ക് 2017-18 അധ്യയനവര്‍ഷം മുതല്‍ പിഴ ചുമത്താന്‍ തീരുമാനിച്ചു.

വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസുകള്‍ക്ക് നേരത്തെ നിശ്ചയിച്ച പത്ത് ശതമാനം വര്‍ദ്ധനവ് സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം അഞ്ച് ശതമാനമായി കുറക്കാന്‍ തീരുമാനിച്ചു. സര്‍വ്വകലാശാലാ തലത്തിലും കോളജ് തലത്തിലും ആന്റി-റാഗിങ് കമ്മറ്റികള്‍ യുജിസി റഗുലേഷന്‍ പ്രകാരം രൂപീകരിക്കാന്‍ തീരുമാനിച്ചു. 

സര്‍വ്വകലാശാലയില്‍ കിഫ്ബി മുഖേന 207.34 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. ഇതിനുപുറമെ, സര്‍വ്വകലാശാലാ ഭരണവിഭാഗം കെട്ടിടത്തിനും നിര്‍മ്മാണം പൂര്‍ത്തിയായിവരുന്ന വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം കെട്ടിടത്തിനും രണ്ട് വീതം നിലകള്‍ കൂടി പണിയുന്നതിന് അനുമതി നല്‍കി. മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ കായിക വികസന പ്രവര്‍ത്തികള്‍ക്കായി കേരളാ കേയ്‌സ് & സിറാമിക്‌സ് ലിമിറ്റഡില്‍ നിന്നും ഒന്നര ഏക്കര്‍ സ്ഥലം വാങ്ങിക്കുന്നതിന് തീരുമാനിച്ചു. ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് വരുത്തുന്ന കാലതാമസത്തിനുള്ള പിഴ 2017-18 വര്‍ഷം മുതല്‍ പ്രവേശനം നേടിയവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.

സര്‍വ്വകലാശാലയ്ക്ക് കീഴില്‍ തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജ് കേന്ദ്രീകരിച്ച് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ കണ്‍വേര്‍ജന്‍സ് സ്റ്റഡീസ് ടു ഹ്യമണ്‍ സയന്‍സ് ആരംഭിക്കുന്നതിന് തീരുമാനിച്ചു. സാമൂഹിക ശാസ്ത്രം, മാനവിക-കലാവിഷയങ്ങള്‍ തുടങ്ങിയവയിലെ ഗവേഷണം, വിവിധ വിഷയ മേഖലകളില്‍ തമ്മിലുള്ള അന്തര്‍ബന്ധം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ തീരുമാനം.

നേരത്തെ പുനര്‍ നിര്‍മ്മാനം ചെയ്യപ്പെട്ട മാനന്തവാടിയിലെ റൂറല്‍ & ട്രൈബല്‍ സ്റ്റഡീസ് പഠനവകുപ്പിന്റെ പേര് സോഷ്യാളജി പഠനവകുപ്പ് എന്നതില്‍ നിന്ന് റൂറല്‍ & ട്രൈബല്‍ സോഷ്യോളജി പഠനവകുപ്പ് എന്നാക്കി മാറ്റി. സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലും പഠനവകുപ്പിലും പരിശോധന നടത്തിയ സിന്‍ഡിക്കേറ്റ് ഉപസമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചു. പോസ്റ്റ് ഡോക്ടറല്‍ ഗവേഷണ പഠനത്തിനുള്ള ഫെലോഷിപ്പുകള്‍ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്കും സിന്‍ഡിക്കേറ്റ് അനുമതി നല്‍കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.