ഭാരതത്തിന്റെ കലാ-സാംസ്‌കാരിക പാരമ്പര്യം മാതൃക: ഉപരാഷ്ട്രപതി

Tuesday 22 May 2018 3:09 am IST

ഗുരുവായൂരില്‍ ശ്രീഗുരുവായൂരപ്പന്‍ ധര്‍മ്മകലാ സമുച്ചയം ട്രസ്റ്റ് സംഘടിപ്പിച്ച അഷ്ടപദിയാട്ടം നവീകരണ ഉദ്ഘാടനച്ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു എടയ്ക്ക വായിക്കുന്നു. ഇ. ശ്രീധരന്‍, കടകംപള്ളി സുരേന്ദ്രന്‍, ജസ്റ്റിസ് പി. സദാശിവം, മഹേഷ് ശര്‍മ, ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, പൂമുള്ളി നാരായണന്‍ നമ്പൂതിരിപ്പാട് സമീപം.   ----ജന്മഭൂമി

ഗുരുവായൂര്‍: ഭാരതത്തിന്റെ മഹത്തായ കലാ-സാംസ്‌കാരിക പാരമ്പര്യം ലോകത്തിന് മാതൃകയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. തത്വചിന്തയും സാഹിത്യവും കലയും സമന്വയിച്ച ജീവിതശൈലിയാണ് ഭാരതസംസ്‌കാരം. ഗുരുവായൂരില്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള ശ്രീഗുരുവായൂരപ്പന്‍ ധര്‍മ്മകലാ സമുച്ചയം ട്രസ്റ്റ് സംഘടിപ്പിച്ച അഷ്ടപദിയാട്ടം നവീകരണ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഉപരാഷ്ട്രപതി. 

 ഭാരതസംസ്‌കാരത്തിന്റെ മഹത്വം കൊണ്ടാണ് സഹസ്രാബ്ദങ്ങള്‍ പിന്നിട്ടിട്ടും അത് ക്ഷയിക്കാതെ തുടരുന്നത്. ഹിന്ദുത്വം എന്നത് അതിന്റെ മറുവാക്കാണ്. എല്ലാ ഭാരതീയരും അതില്‍ അഭിമാനമുള്ളവരാകണം. ഭാഷ, മതം, ജാതി, രാഷ്ട്രീയം തുടങ്ങിയ ഭേദങ്ങള്‍ക്കപ്പുറം രാഷ്ട്രത്തെ ഒരുമിപ്പിക്കുന്നത് ഈ സംസ്‌കാരമാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജയദേവ കവി രചിച്ച ഗീതഗോവിന്ദം ഭാരതത്തിലെ എല്ലാ ഭാഷകളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. കഥകളി, കൃഷ്ണനാട്ടം, കുച്ചുപ്പുടി, മോഹിനിയാട്ടം, ഒഡീസി തുടങ്ങിയ കലാരൂപങ്ങള്‍ക്ക് അടിസ്ഥാനമായതും ഗീതഗോവിന്ദമാണ്. ദിവ്യമായ രാധാ കൃഷ്ണ പ്രണയമാണ് ഗീതഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള അഷ്ടപദിയാട്ടത്തിന്റെ പ്രമേയം. ഏറെക്കുറെ അരങ്ങൊഴിഞ്ഞ അഷ്ടപദിയാട്ടത്തെ വീണ്ടെടുക്കാനുള്ള പരിശ്രമമാണ് ട്രസ്റ്റ് നടത്തുന്നത്, അദ്ദേഹം പറഞ്ഞു.

കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ അഞ്ച് ലക്ഷം രൂപയുടെ സഹായം കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ ചടങ്ങില്‍ കൈമാറി. മാനേജിങ് ട്രസ്റ്റി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. ഇരുപത് ലക്ഷം രൂപകൂടി അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ പി. സദാശിവം അധ്യക്ഷനായി. സംസ്ഥാന ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഇ. ശ്രീധരന്‍, പൂമുള്ളി നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരും സംസാരിച്ചു.

അഷ്ടപദിയാട്ടത്തിന് ഉപരാഷ്ട്രപതിയുടെ ഒരു മാസത്തെ ശമ്പളം

ഗുരുവായൂര്‍: അഷ്ടപദിയാട്ട നവീകരണ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും ഒരു മാസത്തെ ശമ്പളവും ഉറപ്പു നല്‍കി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. പൂന്താനം ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ് കൈയടികളോടെയാണ് ഉപരാഷ്ട്രപതിയുടെ വാക്കുകള്‍ സ്വീകരിച്ചത്. പത്തു മിനിറ്റ് നേരം അഷ്ടപദിയാട്ടം ആസ്വദിച്ച ശേഷമാണ് ഉപരാഷ്ട്രപതി മടങ്ങിയത്. അഷ്ടപദിയുടെ വാദ്യോപകരണമായ ഇടക്കയില്‍ ഉപരാഷ്ട്രപതി താളമിട്ടതും സദസ് ആസ്വദിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.