ഭീതി വിതച്ച് നിപ

Tuesday 22 May 2018 3:20 am IST

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ സംഖ്യ ആറായി. എന്നാല്‍ മരണം പത്താണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. മൂന്ന് മരണങ്ങള്‍ മാത്രമാണ് നിപ മൂലമെന്ന് ആരോഗ്യവകുപ്പ്  സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള രണ്ടു പേര്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. 

പേരാമ്പ്ര ചങ്ങരോത്ത് നിപ ബാധിച്ച് മരിച്ചവരെ ചികിത്സിച്ച നഴ്‌സ് ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ചെമ്പനട സ്വദേശി ലിനി (28)യാണ് മരിച്ചത്. മൃതദേഹം ഒരു മണിക്കൂറിനകം കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭര്‍ത്താവിനെയും മാതാപിതാക്കളേയും മാത്രമേ മൃതദേഹം കാണാന്‍ അനുവദിച്ചുള്ളൂ. 

പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയില്‍ മൂസയുടെ മക്കളായ സാബിത്ത് (23), സ്വാലിഹ് (26), മൂസയുടെ സഹോദരന്റെ ഭാര്യ മറിയം (50) എന്നിവരും നിപ ബാധിച്ചാണ് മരിച്ചത്. ഇവരെ ചികിത്സിച്ചവരില്‍ ലിനിയും ഉണ്ടായിരുന്നു. മരണസംഖ്യ വര്‍ധിച്ചതോടെയാണ് ആരോഗ്യവകുപ്പ്  ഉണര്‍ന്നത്. രണ്ട് സഹോദരങ്ങള്‍ ഒരേ രോഗലക്ഷണങ്ങളോടെ മരിച്ചപ്പോഴും മരണകാരണം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് തുടക്കത്തില്‍ നടപടിയെടുത്തില്ല. 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ബാധിച്ചുള്ള ആദ്യ മരണം മെയ് അഞ്ചിനാണ്. മെയ് 17ന് സ്വകാര്യ ആശുപത്രിയില്‍ ഇതേ കുടുംബത്തിലെ ഒരംഗംകൂടി സമാന ലക്ഷണത്തോടെ മരിച്ചു. കുടുംബത്തിലെ മൂന്നു പേര്‍ സമാന ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു. മെയ് 18നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയത്. ഇതിനകം രോഗം വ്യാപിച്ചിരുന്നു. രോഗികളെ ചികിത്സിച്ചവര്‍ക്കും പരിചരിച്ചവരിലും മൃതദേഹത്തിന്റെ അടുത്തു പോയവര്‍ക്കും രോഗം പകര്‍ന്നെന്നാണ് സൂചനകള്‍. 

പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ രോഗികളെ ചികിത്സിച്ച രണ്ടു നഴ്‌സുമാരില്‍ ഇന്നലെ രോഗലക്ഷണങ്ങള്‍ കണ്ടു. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര മെഡിക്കല്‍സംഘം ഇന്നലെ കോഴിക്കോട്ടെത്തി. എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജിത്ത്കുമാര്‍ സിങ്, അഡീഷണല്‍ ഡയറക്ടര്‍ എസ്.കെ. ജെയിന്‍ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രിയുമായും ചര്‍ച്ച നടത്തി. തുടര്‍ന്ന് രോഗബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. 

നിപ പടര്‍ന്നത് പന്തിരിക്കര സൂപ്പിക്കടയിലെ വീട്ടിലെ കിണറില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചു. മരിച്ച സഹോദരങ്ങളും ചികിത്സയിലുള്ള പിതൃസഹോദരന്‍ മൂസയും വീട്ടുപറമ്പിലെ കിണര്‍ വൃത്തിയാക്കിയിരുന്നു. കിണറില്‍ ഉണ്ടായിരുന്ന വവ്വാലുകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.ജി. അരുണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.