റഷ്യയിൽ മോദി-പുടിൻ ക്രിയാത്മക ചർച്ച

Tuesday 22 May 2018 3:25 am IST

ന്യൂദല്‍ഹി: ഇന്ത്യയും റഷ്യയും ദീര്‍ഘകാലമായി അടുത്ത സുഹൃത്തുക്കളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ റഷ്യയിലെത്തിയ മോദി സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. കരിങ്കടലിന്റെ തീരത്തെ നഗരമായ സോച്ചിയിലായിരുന്നു റഷ്യന്‍ പ്രസിഡന്റായി പുടിന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് ഇന്ത്യയെ സഹായിച്ചതിന് റഷ്യക്ക് മോദി നന്ദി അറിയിച്ചു. 

ഇറാനുമായുള്ള ആണവ കരാറില്‍നിന്നും പിന്മാറാനുള്ള അമേരിക്കന്‍ തീരുമാനമുള്‍പ്പെടെ അന്താരാഷ്ട്രവും ആഭ്യന്തരവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. തെക്ക് വടക്ക് അന്താരാഷ്ട്ര ഗതാഗത ഇടനാഴി നിര്‍മ്മിക്കുന്നതിന്റെ സാധ്യതകളും വിലയിരുത്തി. സോച്ചിയിലെ ആദ്യ പ്രസംഗത്തില്‍ അടല്‍ ബിഹാരി വാജ്‌പേയിയെ അനുസ്മരിച്ച മോദി, 2000ത്തില്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാചകങ്ങള്‍ ആവര്‍ത്തിച്ചു. ലോകരാജ്യങ്ങള്‍ക്കിടയില്‍ ശക്തിയും വിശ്വാസ്യതയുമുള്ള രാജ്യമായി റഷ്യ മാറണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വാജ്‌പേയി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ സ്വപ്‌നവും ദീര്‍ഘവീക്ഷണവും യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. 

പുടിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമായിരുന്നു അത്. ഇന്ത്യയുടെയും റഷ്യയുടെയും സംസ്‌കാരത്തെയും ജനാധിപത്യത്തെയും പുടിന്‍ പ്രശംസിച്ചത് മോദി ഓര്‍മ്മിപ്പിച്ചു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയും പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താന്‍ ആദ്യമായി കൂടിക്കാഴ്ച നടത്തിയ ലോക നേതാവാണ് പുടിനെന്ന് മോദി പറഞ്ഞു. 

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതാണ് മോദിയുടെ സന്ദര്‍ശനമെന്ന് പുടിന്‍ വ്യക്തമാക്കി. അന്താരാഷ്ട്രതലത്തില്‍ നിരവധി വേദികളിലും മേഖലകളിലും ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സൈനിക സഹകരണവുമുണ്ട്. അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ മാസം വുഹാനില്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങുമായും മോദി അനൗപചാരിക കൂടിക്കാഴ്ച നടത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.