പരിശോധനയ്ക്ക് കേരളത്തിൽ ഇടമില്ല

Tuesday 22 May 2018 3:27 am IST

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ മൂന്നുവര്‍ഷം മുമ്പ് അനുവദിച്ച മൂന്ന് കോടിയിലേറെ രൂപ പാഴാക്കിയതിന്റെ ദുരന്തഫലമാണ് നിപ വൈറസ് പടരുമ്പോള്‍ സംസ്ഥാനം അനുഭവിക്കുന്നത്. വൈറല്‍ പനികള്‍ കേരളത്തില്‍ വ്യാപകമായിട്ട് വര്‍ഷങ്ങള്‍ ഏറെയായിട്ടും പരിശോധനയ്ക്ക് കേരളത്തില്‍ ലാബുകള്‍ ഇല്ല.

2015 സപ്തംബര്‍ 30ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോഴിക്കോട്ട് സംസ്ഥാനതല വൈറല്‍ റിസര്‍ച്ച് ആന്‍ഡ് ഡൈഗ്‌നോസ്റ്റിക് ലബോറട്ടറി ആരംഭിക്കാന്‍ ആദ്യഘട്ടമെന്ന നിലയില്‍ 3.29 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ മൈക്രോബയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ ഉപകരണങ്ങള്‍ വാങ്ങിക്കുകയല്ലാതെ ലാബ് സജ്ജമായില്ല. 

രണ്ട് സയന്റിഫിക് അസിസ്റ്റന്റുമാരെയും രണ്ട് സാങ്കേതിക ജീവനക്കാരെയും താല്‍ക്കാലികമായി നിയമിച്ചെങ്കിലും ആറു മാസമായി ശമ്പളം നല്‍കാത്തതിനാല്‍ ലാബ് പ്രവര്‍ത്തനരഹിതമാണ്. 

പകര്‍ച്ചവ്യാധികളും പ്രകൃതിക്ഷോഭങ്ങളും മൂലമുണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ ദേശീയ തലത്തില്‍ ലാബുകളുടെ ശൃംഖല തയ്യാറാക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് വിആര്‍ഡി ലാബുകള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി മുന്നോട്ടുവെച്ചത്. സംസ്ഥാന ബജറ്റില്‍ നിന്നും ആവശ്യാനുസരണം പ്ലാന്‍ഫണ്ട് വഴി പണം അനുവദിക്കണമെന്നായിരുന്നു ധാരണ. 

ആരോഗ്യരംഗത്ത് കേന്ദ്ര ഫണ്ടുകള്‍ ചെലവഴിക്കുന്നത് ഫലപ്രദമായല്ല എന്നും ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. വൈറസ് രോഗ പരിശോധനയ്ക്ക് സാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പൂനയിലെ കേന്ദ്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അയക്കേണ്ട സ്ഥിതിയാണ്.

1999ല്‍ ആരംഭിച്ച ആലപ്പുഴയിലെ കേരള സ്റ്റേറ്റ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും നിശ്ചലമാണ്. ആരോഗ്യമന്ത്രി ചെയര്‍മാനായ സമിതിക്കാണ് ഇതിന്റെ നിയന്ത്രണം. 2006ല്‍ ആലപ്പുഴയില്‍ ചിക്കുന്‍ഗുനിയ വ്യാപകമായതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജിന് കീഴില്‍ ആരംഭിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ യൂണിറ്റും പ്രവര്‍ത്തന രഹിതമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.