ജർമ്മൻ ഇതിഹാസം

Tuesday 22 May 2018 3:30 am IST

ലോകകപ്പ് ഫുട്‌ബോള്‍ വേദികളില്‍ ഒരുകാലത്തെ സ്ഥിരം സാന്നിധ്യമായിരുന്നു ജര്‍മ്മന്‍ ഇതിഹാസം ലോതര്‍ ഹെര്‍ബര്‍ട്ട് മത്തേവൂസ്. സ്വീപ്പര്‍ ബാക്ക്, മിഡ്ഫീല്‍ഡ് പൊസിഷനുകളില്‍ മിന്നിത്തിളങ്ങിയ മത്തേവൂസ് മികച്ചൊരു സ്‌ട്രൈക്കറും കൂടിയാണ്. ഈ ഇതിഹാസത്തിന്റെ പേരില്‍ മൂന്ന് റെക്കോഡുമുണ്ട്. ഇതില്‍ ഒന്നിന് ലോതര്‍ മത്തേവൂസ് ഒറ്റയ്ക്ക് അവകാശിയാണ്. ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ കളിക്കാരനെന്ന പെരുമ. 1982, 86, 1990, 94, 98 ലോകകപ്പുകളിലായി മത്തേവൂസ് കളിച്ചത് 25 മത്സരങ്ങളില്‍. 90ല്‍ ടീമിന് കിരീടം നേടിക്കൊടുക്കാനും മത്തേവൂസിന് കഴിഞ്ഞു.   രണ്ട് റെക്കോര്‍ഡുകള്‍ മറ്റ് ചിലര്‍ക്കൊപ്പം പങ്കിടുന്നു. ഏറ്റവും കൂടുതല്‍ ലോകകപ്പുകളില്‍ കളിച്ചതിന്റെ റെക്കോര്‍ഡ് (5) മെക്‌സിക്കോയുടെ അന്റോണിയോ കര്‍ബാജലിനൊപ്പവും കൂടുതല്‍ ടൂര്‍മെന്റുകളില്‍  ടീമില്‍ അംഗമായിരുന്നതിന്റെ റെക്കോഡ് കര്‍ബാജലി, ഇറ്റലിയുടെ  ജിയാന്‍യൂയി ബഫണ്‍ എന്നിവര്‍ക്കൊപ്പവും മത്തേവൂസ് പങ്കിടുന്നു.

1982ല്‍ ചിലിക്കെതിരായ കളിയിലൂടെയായിരുന്നു മത്തേവൂസ് ലോകകപ്പ് കളത്തില്‍ കാലെടുത്തുവച്ചത്. ജര്‍മ്മനി 4-1ന് ജയിച്ച കളിയില്‍ പകരക്കാരന്റെ റോളില്‍ ലോതര്‍ വന്നു. സ്‌പെയിന്‍ അരങ്ങൊരുക്കിയ ആ ലോകകപ്പിലെ ഒരു മത്സരത്തില്‍ക്കൂടി പകരക്കാരന്റെ വേഷത്തില്‍ മത്തേവൂസ് കളിച്ചു. ഫൈനലില്‍ ജര്‍മ്മനി ഇറ്റലിയോട് 3-1ന് തോറ്റു. 

86ലെ മെക്‌സിക്കോ ലോകകപ്പില്‍ മത്തേവൂസ് ഇല്ലാത്ത ടീമിനെക്കുറിച്ച് ജര്‍മ്മനിക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. . പ്രീ-ക്വാര്‍ട്ടറില്‍ മൊറോക്കോയുടെ വലയില്‍ പന്തെത്തിച്ച മത്തേവൂസായിരുന്നു ജര്‍മ്മനിയുടെ വിജയശില്‍പ്പി. മെക്‌സിക്കോയെയും ഫ്രാന്‍സിനെയും വീഴ്ത്തി ജര്‍മ്മനി ഫൈനലില്‍ കടന്നു . അര്‍ജന്റീനയുമായുള്ള കലാശക്കളിയില്‍  ഡീഗോ മറഡോണയെ പൂട്ടാന്‍ മത്തേവൂസ് നിയോഗിക്കപ്പെട്ടു. പക്ഷേ, മറഡോണ ലോതറിനെയും ജര്‍മ്മനിയെയും തോല്‍പ്പിച്ച് കിരീടം അര്‍ജന്റീനക്ക് സമ്മാനിച്ചു. 

90ല്‍ മത്തേവൂസ് ഏല്ലാത്തിനും കണക്കുതീര്‍ക്കുക തന്നെചെയ്തു. നാലു ഗോളുകള്‍ കുറിച്ച അദ്ദേഹം ജര്‍മ്മനിയെ കലാശക്കളത്തില്‍ എത്തിച്ചു. വീണ്ടും മുന്നില്‍ മറഡോണയുടെ അര്‍ജന്റീന.  ആന്ദ്രിയാസ് ബ്രെമെയുടെ ഗോളിന്റെ ബലത്തില്‍ ജര്‍മ്മനി മധുരപ്രതികാരംവീട്ടി കപ്പ് കൈപ്പിടിയില്‍ ഒതുക്കി. 94-ല്‍ ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയോട് തോറ്റ ജര്‍മ്മനി പുറത്തായി. അമേരിക്കന്‍ ലോകകപ്പിലെ ഈ കളിയില്‍ മത്തേവൂസ് സ്വന്തം നാട്ടുകാരനായ ഉവ് സ്വീലര്‍, വ്‌ളാഡിസാവ് മുഡ (പോളണ്ട്), മറഡോണ (21 മത്സരങ്ങള്‍ വീതം) എന്നിവര്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ ലോകകപ്പ് ക്യാപ്പുകള്‍ എന്ന റെക്കോഡിലെത്തി. 

98-ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ മത്തേവൂസ് കളിക്കാനുണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാല്‍ മത്യാസ് സാമറിന്റെ പരുക്ക് ലോതറിന് ടീമില്‍ ഇടം നേടിക്കൊടുത്തു. യൂഗോസ്ലാവ്യയുമായുള്ള മത്സരത്തിലൂടെ മത്തേവൂസ് റെക്കോഡ് സ്വന്തം പേരില്‍ മാത്രമാക്കി മാറ്റി. ഒടുവില്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയ്ക്ക് മുന്നില്‍ ജര്‍മ്മനി മുട്ടുകുത്തുമ്പോഴേക്കും 25 ലോകകപ്പ് മത്സരങ്ങളെന്ന അതുല്യ സംഖ്യയില്‍ മത്തേവൂസ് എത്തിച്ചേര്‍ന്നു.

2000 ഒക്ടോബറില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.  ക്ലബ് കരിയറില്‍ 782 മത്സരങ്ങളില്‍ നിന്നായി 204 ഗോളുകളും ജര്‍മ്മനിക്കായി 150 കളികളില്‍ നിന്ന് 23 ഗോളുകളും മത്തേവൂസ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ജര്‍മ്മനിക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡും മത്തേവൂസിന് സ്വന്തമാണ്.  1991-ല്‍ ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടി. ഈ നേട്ടം സ്വന്തമാക്കിയ ഏക ജര്‍മ്മന്‍ കളിക്കാരനാണ് മത്തേവൂസ്. 1990ലെ ലോക സോക്കര്‍ അവാര്‍ഡ് പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, 1990, 1999 വര്‍ഷങ്ങളില്‍ ജര്‍മ്മന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍, 1990ലെ ബാലണ്‍ ഡി ഓര്‍ എന്നീ ബഹുമതികളും  മത്തേവൂസ് സ്വന്തമാക്കി. 

വിനോദ് ദാമോദരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.