സ്പാനിഷ് ഷോക്ക്

Tuesday 22 May 2018 3:32 am IST

ബാഴ്‌സലോണ: ഈ സീസണില്‍ നിറംമങ്ങിയ ചെല്‍സി സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ടയെ ലോകകപ്പിനുളള   സ്പാനിഷ് ടീമില്‍  നിന്ന് ഒഴിവാക്കി. അതേസമയം ചെല്‍സിയില്‍ മൊറാട്ടയുടെ സഹതാരം മാര്‍ക്കോസ് അലന്‍സോ, ആഴ്‌സണലിന്റെ നാക്കോ മോണ്‍റിയല്‍   എന്നിവരെ  ഉള്‍പ്പെടുത്തി. 

യുവാക്കളും പരിചയ സമ്പന്നരും അടങ്ങുന്ന 23 അംഗടീമിനെയാണ്  കോച്ച് ജൂലന്‍ പ്രഖ്യാപിച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഡീഗോ കോസ്റ്റ, സെല്‍റ്റ വിഗോയുടെ ഇയാഗോ അസ്പസ്, വലന്‍സിയയുടെ റോഡ്രിഗോ മൊറേനോ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ലഭിച്ചു. 2014 ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ നിരാശപ്പെടുത്തിയ കോസ്റ്റ നിലവില്‍ മികച്ച ഫോമിലാണ്. പതിനെട്ട് രാജ്യാന്തര മത്സരങ്ങളില്‍ ഏഴു ഗോളുകള്‍ നേടി. 2014 ല്‍ സ്‌പെയില്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി.

ബഹുമുഖ പ്രതിഭയായ ബാഴ്‌സയുടെ സെര്‍ജി റോബര്‍ട്ടോക്ക് ടീമിലിടമില്ല. അതേസമയം പരിചയ സമ്പന്നനും പ്ലേമേക്കറുമായ ആന്ദ്രെസ് ഇനിയേസ്റ്റക്ക് അവസരം നല്‍കി. ഇനിയേസ്റ്റക്കും ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനും ഇത് നാലാം ലോകകപ്പാണ്.

ഇസ്‌കോ, മാര്‍ക്കോ അസന്‍സിയോ, നാക്കോ ഫെര്‍ണാണ്ടസ്, ഡാനി കാര്‍വാജല്‍, ലൂകസ് വാസ്‌ക്വിസ് എന്നിവര്‍ക്ക് ഇത് ആദ്യ ലോകകപ്പാണ്. ഇത്തവണ നാല് ബാഴ്‌സ താരങ്ങളാണ് ലോകകപ്പിനുള്ള സ്‌പെയിന്‍ ടീമിലിടം നേടിയത്. നാലു വര്‍ഷം മുമ്പ് ബ്രസീലിലെ ലോകകപ്പില്‍ ബാഴ്‌സയുടെ ഏഴുതാരങ്ങള്‍ സ്പാനിഷ് ടീമിലുണ്ടായിരുന്നു.

2010 ലെ ലോകകപ്പില്‍ കിരീടം ചൂടിയ സ്‌പെയിന്‍ റഷ്യയിലെ ലോകകപ്പിന് മുമ്പ് രണ്ട് സൗഹൃദ മത്സരം കളിക്കും. ജൂണ്‍ മൂന്നിന് സ്വിറ്റ്‌സര്‍ലന്‍ഡിനെയും ജൂണ്‍ ഒമ്പതിന് ടുണീഷ്യയേയും നേരിടും. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അവര്‍ ജൂണ്‍ പതിനഞ്ചിന് കരുത്തരായ പോര്‍ച്ചുഗലുമായി മാറ്റുരയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.