ലക്ഷ്യം ഫൈനല്‍; ഹൈദരാബാദും ചെന്നൈയും ഇന്ന് നേര്‍ക്കുനേര്‍

Tuesday 22 May 2018 3:32 am IST

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം പതിപ്പില്‍ ഫൈനല്‍ എത്തിപ്പിടിക്കാനുള്ള നാലു ടീമുകളുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. വാങ്കഡേ സ്‌റ്റേഡിയത്തില്‍ ഇന്ന് അരങ്ങേറുന്ന ക്വാളിഫയര്‍ ഒന്ന് മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി മാറ്റുരയ്ക്കും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും.

തോല്‍ക്കുന്ന ടീമിന് ഫൈനലിലേക്ക് കടക്കാന്‍ ഒരവസരം കൂടി ലഭിക്കും. രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളുമായി അവര്‍ രണ്ടാം ക്വാളിഫെയറില്‍ ഏറ്റുമുട്ടും. ഇതിലെ വിജയികള്‍ ഫൈനലില്‍ പ്രവേശിക്കും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള എലിമിനേറ്റര്‍ മത്സരം നാളെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കും. രണ്ടാം ക്വാളിഫയര്‍ മത്സരം 25 ന് കൊല്‍ക്കത്തയില്‍ അരങ്ങേറും. അവസാന ലീഗ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ അഞ്ചു വിക്കറ്റിന് തകര്‍ത്തതോടെയാണ് രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫില്‍ സ്ഥാനം ലഭിച്ചത്. ഈ വിജയത്തോടെ ചെന്നൈക്ക് പതിനാല് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റ് ലഭിച്ചു. സണ്‍റൈസേഴ്‌സിനും പതിനാല് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റ് കിട്ടി. പക്ഷെ റണ്‍ ശരാശരിയില്‍ ധോണിയുടെ ചെന്നൈയെ മറികടന്ന് കെയ്ന്‍ വില്യംസണിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്നാം സ്ഥാനത്തെത്തി.

പതിനാല് മത്സരങ്ങളില്‍ പതിനാറ് പോയിന്റോടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍ കടന്നത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍  അവസാന മത്സരങ്ങളില്‍ തോറ്റതോടെയാണ് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ കടന്നത്. പതിനാല് മത്സരങ്ങളില്‍ 14 പോയിന്റോടെ അവര്‍ നാലാം സ്ഥാനക്കാരായി.

ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ എന്‍ഗിഡിയുടെ മികവിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അവസാന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. കേവലം പത്ത് റണ്‍സിന് ഈ പേസര്‍ നാല് വിക്കറ്റുകള്‍ കീശയിലാക്കി. ക്വാളിഫയര്‍ ഒന്ന് മത്സരത്തില്‍ എന്‍ഗിഡിയാണ് ചെന്നൈയുടെ ബൗളിങ്ങിലെ തുറുപ്പ് ചീട്ട്. ബാറ്റ്‌സ്മാന്മാരായ അമ്പാട്ടി റായിഡും ഷെയ്ന്‍ വാട്ട്‌സണ്‍, സുരേഷ് റെയ്‌ന, ധോണി എന്നിവരൊക്കെ മികച്ച ഫോമിലാണ്.

മികച്ച ഫോം തുടരുന്ന നായകന്‍ കെയ്ന്‍ വില്യംസണാണ് ബാറ്റിങ്ങില്‍ സണ്‍ റൈസേഴ്‌സിന്റെ കരുത്ത്. റാഷീദ് ഖാന്‍, ഷാക്കിബ് അല്‍ ഹസന്‍, സിദ്ധാര്‍ത്ഥ കൗള്‍ എന്നിവരാണ് സണ്‍റൈസേഴ്‌സിന്റെ ബൗളിങ്ങ് ശക്തികള്‍. ലീഗ് മത്സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിങ്‌സും ഒമ്പത് മത്സരങ്ങളില്‍ വീതം വിജയം നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.