നിപാ വൈറസ് ബാധയേറ്റ് രണ്ടുപേര്‍ കൂടി മരിച്ചു

Tuesday 22 May 2018 7:45 am IST

കോഴിക്കോട്: നിപാ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന കൂരാചുണ്ട് സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്.

നിപാ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രാജന്‍റെ രക്ത സാമ്പിളുകള്‍ പൂനയിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്‍റെ ഫലം ലഭിച്ചിട്ടില്ല. ഇതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. ഇതോടെ നിപാ വൈറസ് രോഗ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം 12 ആയി. ഇവരില്‍ നാല് പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

വൈറസ് സംബന്ധിച്ച ആശങ്ക പരക്കുന്നതിനിടെ സ്ഥിതി വിലയിരുത്താന്‍ മറ്റൊരു കേന്ദ്ര മെഡിക്കല്‍ സംഘം ഇന്ന് കോഴിക്കോട് പരിശോധന നടത്തും. നാല് പേരടങ്ങുന്ന വിദഗ്ദ സംഘം ചങ്ങരോത്ത് മരണം നടന്ന വീടും പരിസര പ്രദേശങ്ങളും സന്ദര്‍ശിക്കുമെന്നാണ് വിവരം. വൈറസ് പകര്‍ന്നത് മരിച്ചവരുടെ വീട്ടിലെ കിണറില്‍ കണ്ടെത്തിയ വവ്വാലുകളില്‍ നിന്നാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് കേന്ദ്ര സംഘം.

നിപ വൈറസ് ബാധ സ്ഥിരീകരിച്ച പേരാമ്പ്ര ചങ്ങരോത്ത് എത്തിയ കേന്ദ്ര സംഘം മന്ത്രിമാരടക്കുന്ന ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ആരോഗ്യ മന്ത്രി കെ കെ ശൈലജയും മന്ത്രി ടി പി രാമകൃഷ്ണനുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ആറ് പേര്‍ക്ക് രോഗബാധയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് . നാല് പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മൂന്നു പേര്‍ മരിച്ച ചങ്ങരോത്തെ 60 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി മന്ത്രി: കെ കെ ഷൈലജ അറിയിച്ചു. രോഗ ലക്ഷണവുമായി 9 പേര്‍ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.