നല്ല നടന്‍ നല്ല മനുഷ്യന്‍

Tuesday 22 May 2018 11:32 am IST
നിത്യജീവിതത്തിലെ സാധാരണ മനുഷ്യരുടെ വേഷങ്ങളായിരുന്നു ബഹദൂറിന്റേത്. പ്രേക്ഷകര്‍ ഒരു നടനെക്കാളും കൂടുതലായി തങ്ങളിലൊരാളായി അദ്ദേഹത്തെ കണ്ടതും അതുകൊണ്ടായിരിക്കണം.

ജീവിതത്തിന്റെ കൊടിയ പ്രാരാബ്ദങ്ങളില്‍ ആറ്റിക്കുറുക്കിയെടുത്തതുകൊണ്ടാവണം ബഹദൂര്‍ എന്ന നടന്‍ സാദൃശ്യങ്ങളില്ലാത്ത കൊമേഡിയനായത്. ബഹദൂറിന്റെ തലകുത്തിച്ചിരിപ്പിക്കുന്ന തമാശകള്‍ക്കു പിന്നില്‍ അരിഷ്ടതകളുടെ ബാല്യം കടന്നുവന്ന തീവ്രാനുഭവങ്ങളുടെ കണ്ണീരുപ്പുണ്ട്. ബഹദൂര്‍ ഓര്‍മയായിട്ട് ഇന്നേയ്ക്കു 18 വര്‍ഷം.

കുഞ്ഞാലു കൊച്ചുമൊയ്തീന്‍ പടിയത്തിന് ബഹദൂര്‍ എന്നു പേരു നല്‍കി സിനിമയില്‍കൊണ്ടുവന്നത് നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ്. അന്നുമുതല്‍ മരിക്കുന്ന മെയ് 22, 2000 വരെ മലയാളികളുടെ സന്തത സഹചാരിയെപ്പോലുള്ളൊരു നടനായിരുന്നു ബഹദൂര്‍. കൂടുതല്‍ ചിരിപ്പിച്ചും ഒരു പക്ഷേ അതിലേറെ കരയിപ്പിച്ചും ജീവിതത്തിന്റെ പലമുഖങ്ങളും ബഹദൂര്‍ സിനിമയില്‍ ചെയ്തു. ലോഹിത ദാസ് രചനയും സംവിധാനവും നിര്‍വഹിച്ച ജോക്കറിലാണ് അവസാനം വേഷമിട്ടത്.  മാസ്‌ക്ക് വെച്ച ജോക്കറിനു മുന്നിലെ ചിരിയും പിന്നിലെ കരച്ചിലും എന്ന മനുഷ്യജീവിതത്തിലെ രണ്ട് അടിസ്ഥാന ഭാവങ്ങള്‍ ഇതിഹാസമാക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ ബഹദൂര്‍. 

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച ബഹദൂര്‍ കഷ്ടപ്പാടിന്റെ നെല്ലിപ്പലക കാണുമ്പോഴും പത്താം തരത്തില്‍ ഒന്നാം ക്‌ളാസിലാണ് പാസായത്. പിന്നീട് ഇന്റര്‍ മീഡിയറ്റിനു ചേര്‍ന്നെങ്കിലും കുടുംബ ദാരിദ്യത്താല്‍ പഠനം പൂര്‍ത്തിയാക്കാനായില്ല. ബസ് കണ്ടക്റ്ററായി ജോലി നോക്കുമ്പോഴാണ് തിക്കുറിശിയെ പരിചയപ്പെട്ടു സിനിമാ നടനാകുന്നത്. പിന്നെയങ്ങോട്ട് നടനത്തിന്റെ നാലര പതിറ്റാണ്ടുകള്‍.

46 വര്‍ഷങ്ങള്‍കൊണ്ട് 214 ചിത്രങ്ങള്‍.1954ല്‍ അവകാശികളില്‍ തുടങ്ങി ജോക്കര്‍ വരെ. ഒട്ടുമിക്കതും ഹിറ്റുകളായിരുന്നു. സിഐഡി നസീര്‍, രാത്രി വണ്ടി, ചെമ്പരത്തി, ആദ്യത്തെ കഥ, പണിമുടക്ക്, അപരാധി, ശംഖുപുഷ്പം, ഒരു സിബി ഐ ഡയറിക്കുറിപ്പ്, ഒരുക്കം, സൂര്യഗായത്രി, തൂവല്‍സ്പര്‍ശം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ എടുത്തു പറയണം. ജോക്കറിലെ അബുക്കയെ കാണികള്‍ മറക്കില്ല. സൂക്ഷ്മ ചലനങ്ങള്‍കൊണ്ട്  ചിരിക്കുകയും കരയുകയും ചെയ്യുന്ന രണ്ടു മനുഷ്യരെപ്പോലെയായിരുന്നു അബുക്കയുടെ അളന്നുകുറിച്ച ഭാവങ്ങള്‍.

നിത്യജീവിതത്തിലെ സാധാരണ മനുഷ്യരുടെ വേഷങ്ങളായിരുന്നു ബഹദൂറിന്റേത്. പ്രേക്ഷകര്‍ ഒരു നടനെക്കാളും കൂടുതലായി തങ്ങളിലൊരാളായി അദ്ദേഹത്തെ കണ്ടതും അതുകൊണ്ടായിരിക്കണം. അടൂര്‍ ഭാസിയും ബഹദൂറും അക്കാലത്തെ ചിരിയുടെ രസതന്ത്രമായിരുന്നു. ഇരുവരുംകൂടി ഒപ്പിക്കുന്ന നര്‍മം കത്തുന്ന പൊട്ടത്തരങ്ങള്‍ കണ്ടു ചിരിച്ച പ്രേക്ഷകര്‍ പിന്നീടും ഓര്‍ത്തോര്‍ത്തു ചിരിക്കുമായിരുന്നു. സത്യന്‍, നസീര്‍, മധു തുടങ്ങിയ നായകരുടെ ചിത്രങ്ങള്‍ക്ക് ഈ കൂട്ടുകെട്ടു വേണമായിരുന്നു.

സിനിമയില്‍ കത്തിനിന്നപ്പോഴും താരപ്പകിട്ടില്ലാത്തതായിരുന്നു ബഹദൂറിന്റെ ജീവിതം. വന്ന വഴി മറക്കാതെ സിനിമയില്‍ സാധാരണ മനുഷ്യനായിമാത്രം ജീവിച്ച ഒരാള്‍ . സിനിമാക്കാരില്‍ പലരേയും ബഹദൂര്‍ സഹായിച്ചിട്ടുണ്ട്. പലരും സിനിമയില്‍ നിലനിന്നതും സിനിമയിലേക്കുവന്നതും ആ കൈപിടിച്ചാണ്. അതൊന്നും പക്ഷേ,കൊട്ടിഘോഷിക്കാതെ അവസാനംവരെ സിനിമാക്കാര്‍ക്കിടയില്‍ നല്ല മനുഷ്യനായി ജീവിച്ചു. അതാണ് ബഹദൂറിലെ നടന്റേയും മനുഷ്യന്റേയും മഹത്വം.

 

                          

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.