നിപ വൈറസ്: മൃതദേഹം സംസ്കരിക്കുന്നതില്‍ വീഴ്ച

Tuesday 22 May 2018 2:54 pm IST

കോഴിക്കോട് : നിപ ബാധയെത്തുടര്‍ന്ന് മരിച്ച നാദാപുരം ചൊക്യാട് അശോകന്റെ മൃതദേഹം സംസ്കരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച. ഇതേത്തുടര്‍ന്ന് മൃതദേഹം സംസ്കരിച്ചില്ല. മാവൂരിലെ ഇലക്ട്രിക് ശ്മശാനം കേടാണെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. 

ശ്മശാനത്തില്‍ സംസ്കരിക്കുന്നതിന് ജീവനക്കാര്‍ തയാറല്ലെന്നാണ് റിപ്പോര്‍ട്ട്. വൈറസ് പകരുമോ എന്ന ഭീതിയിലാണ് ജീവനക്കാര്‍. മൃതദേഹം ദഹിപ്പിക്കുന്നതിന്‍റെ പുക ശ്വസിച്ചാല്‍ പോലും വൈറസ് പരക്കുമെന്ന് തരത്തിലുള്ള വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അശോകന്‍ മരിച്ചത്. അശോകനെ കൂടാതെ കുരാച്ചുണ്ട് രാജനും ഇന്ന് മരിച്ചിരുന്നു. 

മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു ഇരുവരും മരിച്ചത്. നിപ വൈറസ് മൂലം പത്ത് പേരാണ് സംസ്ഥാനത്ത് മരിച്ചത്. പന്ത്രണ്ടോളം പേര്‍ ചികിത്സയിലുമുണ്ട്. അതിനിടെ നിപ വൈറസ് പറത്തുന്നതിന് കാരണമാകുന്നത് വവ്വാലാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. വവ്വാലാണ് കാരണമെന്ന വാര്‍ത്തകള്‍ പരന്നതിനെ തുടര്‍ന്ന് ഇവയെ കൂട്ടത്തോടെ കൊല്ലണമെന്ന സന്ദേശങ്ങള്‍ വരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും അനാവശ്യമായ സന്ദേശങ്ങളിലൂടെ ജനങ്ങളില്‍ ഭീതി പരത്തെരുതെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

നിപ വൈറസിനെക്കുറിച്ച്‌ ലഭ്യമാകുന്ന വിവരങ്ങളില്‍ മുന്‍പ് ഇത് വവ്വാലില്‍ നിന്നാണ് പടര്‍ന്നത് എന്ന് സൂചനകളുണ്ട്. എന്നാല്‍ ഇവ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്നും അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.