തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പില്‍ 11 മരണം

Tuesday 22 May 2018 3:00 pm IST
സ്റ്റെര്‍ലൈറ്റ് ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തി വന്ന സമരത്തിനു നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ 2 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്കു പരുക്കേറ്റു. ഉസിലംപെട്ടി സ്വദേശി ജയറാമും മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ മലിനീകരണമുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിലേക്ക് നടന്ന സമരം അക്രമാസക്തമായി. പ്രക്ഷോഭത്തിനിടെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ പതിനൊന്നു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് തൂത്തുക്കുടിയില്‍ സുരക്ഷ ശക്തമാക്കി. നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. 

ലണ്ടന്‍ ആസ്ഥാനമായ  വേദാന്ത റിസോഴ്സ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്. സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റില്‍ നിന്നുണ്ടാകുന്ന മലിനീകരണം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അതിനാല്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നുമാവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ സമരം നടത്തുന്നത്. പ്രദേശവാസികള്‍ക്ക് പുറമെ വ്യാപാരികളും പരിസ്ഥിതി സംഘടനകളും വിദ്യാര്‍ത്ഥികളും വിവിധ പ്രതിപക്ഷ കക്ഷികളും സമരത്തിന് പിന്തുണയുമായെത്തിയിരുന്നു. 

എന്നാല്‍ കമ്പനിക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ലെന്ന് മാത്രമല്ല പ്ലാന്റുകള്‍ വികസിപ്പിക്കാന്‍ കമ്പനി തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്. സമരത്തിന്റെ നൂറാം ദിവസമായ ഇന്നലെ നിരോധനാജ്ഞ ലംഘിച്ച് നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞതാണ് അക്രമങ്ങള്‍ക്കിടയാക്കിയത്. പ്രകോപിതരായ സമരക്കാര്‍ പോലീസിനു നേരെയും പ്ലാന്റിനു നേരെയും കല്ലേറു നടത്തുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് സമരക്കാരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. 

പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സമരക്കാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ പിഴയടക്കാനാണ് കോടതി കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയത്. പക്ഷേ, പ്ലാന്റ് പ്രവര്‍ത്തനം തുടരുകയായിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപ നല്‍കും. പ്രക്ഷോഭകര്‍ക്കെതിരായ പോലീസ് നടപടിയെ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ അപലപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.