നിപ: കേരള കേന്ദ്ര നിരീക്ഷണത്തില്‍

Tuesday 22 May 2018 4:43 pm IST

ന്യൂദല്‍ഹി: നിപ വൈറസ് ബാധയെ തുടര്‍ന്നുള്ള കേരളത്തിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുന്നു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സെക്രട്ടറി പ്രീതിസുധന്‍, ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ എന്നിവരുമായി ചര്‍ച്ച നടത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ, കേരളത്തിന് എല്ലാവിധ സഹായവും നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. 

സ്ഥിതി നിയന്ത്രണവിധേയമാണെന്നും സമൂഹമാധ്യമങ്ങളില്‍ വരുന്ന പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും ആശങ്ക പടര്‍ത്തരുതെന്നും നദ്ദ ആവശ്യപ്പെട്ടു. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലെത്തിയ ദേശീയരോഗ പ്രതിരോധ കേന്ദ്രത്തില്‍ (എന്‍സിഡിസി) നിന്നുള്ള സംഘം രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ സഹായം നല്‍കുന്നുണ്ട്. 

രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയിലെ വീട് കേന്ദ്ര സംഘം സന്ദര്‍ശിച്ചു. നിപ  വൈറസ് ബാധ മൂലം മരണമടഞ്ഞ കുടുംബത്തിന്റെ വീട്ടുവളപ്പിലെ കിണറില്‍ നിന്ന് നിരവധി വവ്വാലുകളെ കണ്ടെത്തി. ഇവയില്‍ ചിലതിനെ വിദഗ്ധ പരിശോധനയ്ക്കായി ലബോറട്ടറിയിലേയ്ക്ക് അയച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ അറുപതോളം പേരുടെ രക്ത സാമ്പിളുകളും വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.

ഡയഗ്നോസ്റ്റിക് കിറ്റുകള്‍, പരിചരിക്കുന്നവര്‍ക്കുള്ള കൈയുറ, ഗൗണ്‍, മാസ്‌ക്ക് മുതലായവയുടെ ലഭ്യത കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉറപ്പ് വരുത്തിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.