മിസൈലുകള്‍ക്കും ടാങ്കുകള്‍ക്കും മാത്രം രാജ്യത്തെ രക്ഷിക്കാനാകില്ല: പാക്ക് മാന്ത്രി

Tuesday 22 May 2018 6:23 pm IST
സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിന് പാക്കിസ്ഥാന് ആദ്യ അവസരം കൈവന്നത് അറുപതുകളിലായിരുന്നു. രണ്ടാമത് 1990 കാലഘട്ടത്തിലും. എന്നാല്‍ ഈ അവസരങ്ങള്‍ പാക്കിസ്ഥാന്‍ കളഞ്ഞു കുളിച്ചു. മൂന്നാമതായി ഇപ്പോള്‍ അവസരം വാതില്‍ക്കല്‍ വന്നെത്തിയിരിക്കുന്നു. മുന്‍ കാലങ്ങളിലെ പോലെ രാഷ്ട്രീയ അസ്ഥിരത മൂലം ഈ അവസരം പാഴാക്കരുതെന്ന് അദ്ദേഹം പറയുന്നു. സമാധാനം, സ്ഥിരത, തുടര്‍ച്ച എന്നിവയാണ് സാമ്പത്തിക വളിച്ചയ്ക്ക് വേണ്ട നിര്‍ണായകമായ കാര്യങ്ങള്‍.

ഇസ്ലാമാബാദ്: രാഷ്ട്രിയ അസ്ഥിരത മൂലം സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ പാക്കിസ്ഥാന്‍ പാഴാക്കി കളഞ്ഞെന്ന് ആഭ്യന്തരമന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍. ശക്തമായ സാമ്പത്തികമില്ലെങ്കില്‍ മിസൈലുകള്‍ക്കും ടാങ്കുകള്‍ക്കും മാത്രമായി രാജ്യത്തെ രക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ സൈബര്‍ സെക്യൂരിറ്റിയുടെ ദേശീയ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

90ല്‍ മന്‍മോഹന്‍ സിങ് ഇന്ത്യയുടെ ധനമന്ത്രിയായിരുന്നപ്പോള്‍ പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസില്‍ നിന്ന് സാമ്പത്തിക പരിഷ്‌ക്കരണ തന്ത്രങ്ങള്‍ സ്വന്തമാക്കിയിരുന്നെന്നും വിജയകരമായി ഇന്ത്യയില്‍ അത് നടപ്പാക്കിയെന്നും ഇഖ്ബാല്‍ വാദിക്കുന്നു. ബംഗളാദേശും ഈ തന്ത്രങ്ങള്‍ തന്നെ വിജയകരമായി നടപ്പാക്കിയിരുന്നു. എന്നാല്‍ സ്വന്തം സാമ്പത്തിക പദ്ധതിയായിട്ട് കൂടി രാഷ്ട്രീയ അസ്ഥിരത കൊണ്ട് പാക്കിസ്ഥാന് അത് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് ഇഖ്ബാല്‍ പറയുന്നു. 

സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിന് പാക്കിസ്ഥാന് ആദ്യ അവസരം കൈവന്നത് അറുപതുകളിലായിരുന്നു. രണ്ടാമത് 1990 കാലഘട്ടത്തിലും. എന്നാല്‍ ഈ അവസരങ്ങള്‍ പാക്കിസ്ഥാന്‍ കളഞ്ഞു കുളിച്ചു. മൂന്നാമതായി ഇപ്പോള്‍ അവസരം വാതില്‍ക്കല്‍ വന്നെത്തിയിരിക്കുന്നു. മുന്‍ കാലങ്ങളിലെ പോലെ രാഷ്ട്രീയ അസ്ഥിരത മൂലം ഈ അവസരം പാഴാക്കരുതെന്ന് അദ്ദേഹം പറയുന്നു. സമാധാനം, സ്ഥിരത, തുടര്‍ച്ച എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് വേണ്ട നിര്‍ണായകമായ കാര്യങ്ങള്‍.

പാക്കിസ്ഥാന് പിന്നിലായി ഉണ്ടായിരുന്ന രാജ്യങ്ങള്‍ എന്തുകൊണ്ട് ഇപ്പോള്‍ മുന്നിലെത്തി എന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ ആളോഹരി വരുമാനം പാക്കിസ്ഥാനെക്കാള്‍ പിന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബഹുദൂരം മുന്നിലാണ്. അതുപോലെ ബംഗളാദേശിന്റെ വിദേശ കരുതല്‍ നിക്ഷേപം 33 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുന്നു. പാക്കിസ്ഥാന്റേതാകട്ടെ 18 ബില്ല്യണ്‍ ഡോളര്‍ മാത്രം. മറ്റു രാജ്യങ്ങള്‍ പാക്കിസ്ഥാനെ പിന്നിലാക്കുന്ന കാഴ്ച എത്രത്തോളം കാണാനാകുമെന്നും ഇഖ്ബാല്‍ ചോദിക്കുന്നു.

പാക് സൈന്യം നടത്തുന്ന ത്യാഗങ്ങളേയും അദ്ദേഹം പ്രകീര്‍ത്തിച്ചു. ദേശീയ ബഡ്ജറ്റില്‍ ഫണ്ട് വകയിരുത്തുന്നതിന് സാധിച്ചത് കൊണ്ടാണ് ഭീകരതയ്‌ക്കെതിരേ സൈന്യത്തിന് വിജയകരമായ ചെറുത്തുനില്‍പ്പിന് സാധിച്ചത്. ഭീകരതയാല്‍ രാജ്യം വളയപ്പെട്ട സമയമുണ്ടായിരുന്നു എന്നാല്‍ ഇന്നത്തെ അവസ്ഥ അവര്‍ക്കെതിരാണ്. ഈ അവസരം നമ്മള്‍ അടിയറവ് വച്ചാല്‍ ചരിത്രവും അടുത്ത തലമുറയും നമ്മുക്ക് മാപ്പ് നല്‍കില്ലെന്നും അഹ്‌സാന്‍ ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു. 

2013ല്‍ പാക്കിസ്ഥാന്‍ ഉപയോഗിച്ചിരുന്നത് 2ജി വയര്‍ലെസ് ടെക്‌നോളജി ആയിരുന്നു. എന്നാല്‍ ലോകത്ത് ആദ്യമായി 5ജി ടെക്‌നോളജി ഇപ്പോള്‍ ഉപോഗിക്കുന്നത് പാക്കിസ്ഥാനാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.