കൊന്നും കൊല്ലിച്ചും ബംഗാളില്‍ മമതയുടെ ജനാധിപത്യം

Wednesday 23 May 2018 2:07 am IST
തൃണമൂലിന്റെ ആധിപത്യവും ബിജെപിയുടെ മുന്നേറ്റവുമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണ്ടത്. ജില്ലാ പഞ്ചായത്തുകളില്‍ 94.84%, പഞ്ചായത്ത് സമിതികളില്‍ 79.80%, ഗ്രാമപഞ്ചായത്തുകളില്‍ 66.35% സീറ്റുകളില്‍ തൃണമൂല്‍ ജയിച്ചു. ബിജെപി രണ്ടാമതെത്തിയപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസ്സും സ്വതന്ത്രര്‍ക്കും പിന്നില്‍ നാലും അഞ്ചും സ്ഥാനങ്ങളിലേക്ക് തള്ളപ്പെട്ടു.

കോണ്‍ഗ്രസ്-ജെഡിഎസ് അവസരവാദ സഖ്യത്തോട് പൊരുതി കര്‍ണാടകയില്‍ യദ്യൂരപ്പ രാജിവെച്ചപ്പോള്‍ ജനാധിപത്യത്തിന്റെ വിജയമെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം. യദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത ദിവസമാണ് ബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നത്. 34.2 ശതമാനം സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് എതിരുണ്ടായിരുന്നില്ല. ജനസമ്മതിയല്ല, മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മമതയുടെ ഗുണ്ടകള്‍ അനുവദിക്കാത്തതായിരുന്നു കാരണം. അമ്പതോളം പേരാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ സിപിഎം പ്രവര്‍ത്തകരായ ദമ്പതികളെ ചുട്ടുകൊന്നു. തൃണമൂലിന് എതിരില്ലാതിരുന്ന 20067 സീറ്റുകളിലെ ഫലം സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്. ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും സിപിഎമ്മും. ഉന്നത നീതിപീഠം സര്‍ക്കാരിനെയും മമതയെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ബംഗാളിനെ ജനാധിപത്യത്തിന്റെ ശവപ്പറമ്പാക്കി മാറ്റിയാണ് മമത ബിജെപിയെ ജനാധിപത്യബോധം പഠിപ്പിക്കാനിറങ്ങുന്നത്. പരിവര്‍ത്തന്‍ മന്ത്രവുമായെത്തി വംഗനാടിന്റെ കമ്യൂണിസ്റ്റ് അടിമത്തമവസാനിപ്പിച്ച ദീദി ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വികൃത  സാന്നിധ്യമായി മാറിയിരിക്കുന്നു. 

തൃണമൂലിന്റെ ആധിപത്യവും ബിജെപിയുടെ മുന്നേറ്റവുമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണ്ടത്. ജില്ലാ പഞ്ചായത്തുകളില്‍ 94.84%, പഞ്ചായത്ത് സമിതികളില്‍ 79.80%, ഗ്രാമപഞ്ചായത്തുകളില്‍ 66.35% സീറ്റുകളില്‍ തൃണമൂല്‍ ജയിച്ചു. ബിജെപി രണ്ടാമതെത്തിയപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസ്സും സ്വതന്ത്രര്‍ക്കും പിന്നില്‍ നാലും അഞ്ചും സ്ഥാനങ്ങളിലേക്ക് തള്ളപ്പെട്ടു. 621 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ തൃണമൂല്‍-589, ബിജെപി-23, കോണ്‍ഗ്രസ്-ആറ്, സ്വതന്ത്രര്‍-2, സിപിഎം-1 സീറ്റുകള്‍ നേടി. പത്ത് ജില്ലാ പഞ്ചായത്തുകള്‍ പ്രതിപക്ഷമില്ലാതെ തൃണമൂല്‍ തൂത്തുവാരി. പഞ്ചായത്ത് സമിതികളില്‍ തൃണമൂല്‍-4888, ബിജെപി-756, സ്വതന്ത്രര്‍-114, കോണ്‍ഗ്രസ്-131, സിപിഎം-11 സീറ്റുകളിലും ഗ്രാമപഞ്ചായത്തില്‍ തൃണമൂല്‍-21110, ബിജെപി-5747, സ്വതന്ത്രര്‍-1830, സിപിഎം-1477, കോണ്‍ഗ്രസ്-1062 വിജയിച്ചു. ഒന്നാമതെത്തിയ തൃണമൂലും രണ്ടാമതെത്തിയ ബിജെപിയും തമ്മില്‍ വലിയ അന്തരമുണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തില്‍-0, പഞ്ചായത്ത് സമിതികളില്‍-33, ഗ്രാമപഞ്ചായത്തില്‍-548 എന്നിങ്ങനെയായിരുന്നു പാര്‍ട്ടിയുടെ നില. 

അഞ്ച് വര്‍ഷത്തിനിടെ ഗ്രാമപഞ്ചായത്ത് തലത്തില്‍ ബിജെപിയുടെ വോട്ട് ഒരു ശതമാനത്തില്‍നിന്ന് 18 ശതമാനത്തിലെത്തി. നാലില്‍ ഒരു സീറ്റ് ബിജെപി പിടിച്ചു. ഇടത്പക്ഷം 32 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായും കോണ്‍ഗ്രസ് 11 ശതമാനത്തില്‍നിന്ന് മൂന്ന് ശതമാനമായും കുറഞ്ഞു. 2003ലെ ഇടത്പക്ഷത്തിന്റെ വിജയത്തിന് സമാനമാണ് തൃണമൂലിന്റെ നേട്ടമെങ്കില്‍ പത്ത് വര്‍ഷം മുന്‍പത്തെ തൃണമൂലിന്റെ മുന്നേറ്റമാണ് ഇത്തവണ ബിജെപി നടത്തിയത്. 2008ല്‍ ഗ്രാമപഞ്ചായത്തില്‍ 22 ശതമാനം സീറ്റുകള്‍ നേടിയാണ് മമത വരവറിയിച്ചത്. 2009ലെ ലോകസഭാ തെഞ്ഞെടുപ്പില്‍  42 സീറ്റുകളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം 26 എണ്ണം നേടി. രണ്ട് വര്‍ഷത്തിന് ശേഷമുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് മമത മുഖ്യമന്ത്രിയായി. സിപിഎമ്മിന് പകരം തൃണമൂല്‍ ഭരിക്കുന്നുവെന്നല്ലാതെ മറ്റൊന്നും മാറിയിട്ടില്ല. സിപിഎം ക്രിമിനലുകളൊന്നാകെ തൃണമൂലായി. പഴയ സിപിഎമ്മാണ് ഇപ്പോള്‍ തൃണമൂല്‍. പഴയ തൃണമൂലിന്റെ സ്ഥാനത്ത് ബിജെപിയും. 

ആദിവാസി മേഖലകളിലാണ് ബിജെപി നേട്ടമുണ്ടാക്കിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നേറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആര്‍എസ്എസ്സിന്റെ ആദിവാസി സംഘടനയായ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനമാണ്. ബംഗാളിലും ശക്തമായ സംഘടനാ സംവിധാനം കല്യാണ്‍ ആശ്രമത്തിനുണ്ട്. വികസനപ്രശ്‌നങ്ങളും ആദിവാസികളെ ഏറെ ദ്രോഹിച്ച മാവോയിസ്റ്റ് നേതാക്കളെ പുനരധിവസിപ്പിക്കാനുള്ള നീക്കങ്ങളും തൃണമൂലിന് തിരിച്ചടിയായി. മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്ന പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ മമതയെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് ബിജെപി നടത്തിയത്. പുരുലിയ ജില്ലാ പഞ്ചായത്തില്‍ പത്തും ഝാര്‍ഗ്രാമില്‍ മൂന്നും സീറ്റുകള്‍ നേടി. ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ പുരുലിയയില്‍ തൃണമൂല്‍-838, ബിജെപി 644, ഝാര്‍ഗ്രാമില്‍ തൃണമൂല്‍-373, ബിജെപി-329 എന്നിങ്ങനെയാണ് സീറ്റ്‌നില. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ജില്ലകളും തൃണമൂല്‍ മുക്തമാക്കുമെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. ആദിവാസി മേഖലകളിലെ തിരിച്ചടിയുടെ കാരണം പരിശോധിക്കുമെന്നാണ് തൃണമൂല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജിയുടെ പ്രതികരണം. 

സീറ്റുകളിലെ വര്‍ദ്ധന മാത്രമല്ല ബിജെപിയുടെ മുന്നേറ്റത്തെ ശ്രദ്ധേയമാക്കുന്നത്. കോണ്‍ഗ്രസ്സിനെയും മൂന്നരപ്പതിറ്റാണ്ട് ഭരിച്ച സിപിഎമ്മിനെയും മറികടന്ന് മോദിയുടെ പാര്‍ട്ടി പ്രതിപക്ഷ സ്ഥാനം കയ്യടക്കി. രണ്ട് പാര്‍ട്ടികള്‍ക്കും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് അടിവരയിടുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. പല പാര്‍ട്ടികളിലായി ചിതറിക്കിടന്നിരുന്ന ബംഗാള്‍ രാഷ്ട്രീയം തൃണമൂലിലും ബിജെപിയിലും കേന്ദ്രീകരിക്കപ്പെട്ടു കഴിഞ്ഞു. കോണ്‍ഗ്രസ്സിനെയും തൃണമൂലിനെയും അപ്രസക്തമാക്കി പ്രതിപക്ഷസ്ഥാനം കയ്യടക്കിയ ശേഷമാണ് കാല്‍നൂറ്റാണ്ട് കാലത്തെ ഇടത് ഭരണം ത്രിപുരയില്‍ ബിജെപി മറിച്ചിട്ടത്. വംഗനാട്ടില്‍ തൃണമൂലും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് വരാനിരിക്കുന്നത്. മമതക്കെതിരെ പൊരുതാന്‍ ശേഷിയില്ലാത്ത കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും ഉപേക്ഷിച്ച് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ചേക്കേറുന്നുണ്ട്. ത്രിപുരയില്‍ ജനങ്ങളുടെ സിപിഎം വിരുദ്ധതയാണ് ബിജെപിക്ക് നേട്ടമായതെങ്കില്‍ ബംഗാളിലത് തൃണമൂല്‍ വിരുദ്ധതയാണ്. 

മതതീവ്രവാദികളുടെ മമത

''നമ്മള്‍ ഇക്കാര്യത്തില്‍ ബംഗാളികളെ കണ്ടുപഠിക്കണം. ഒരുതുള്ളി ചോര പോലും പൊടിയാതെയാണ് അവരുടെ പരിപാടി. ആളെ കിഡ്‌നാപ്പ് ചെയ്യും. നല്ല ആഴത്തിലുള്ള കുഴിയില്‍ ഒരു ചാക്ക് ഉപ്പും ചേര്‍ത്ത് കുഴിച്ചുമൂടും. ചോരയും ചിത്രവും വാര്‍ത്തയും ലോകമറിയുകയില്ല. പിണറായിയുടെ വിശദീകരണം കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എന്റെ നാവ് വരണ്ടുപോയിരുന്നു''. സിപിഎം മുന്‍ എംപി അബ്ദുള്ളക്കുട്ടി എഴുതിയ ലേഖനത്തിലെ ഈ തുറന്നുപറച്ചില്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു. ബംഗാളില്‍ അക്രമം രാഷ്ട്രീയ സംസ്‌കാരമാക്കിയെടുത്തത് സിപിഎമ്മാണ്. ഇടത് ഭരണത്തില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് മത്സരിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. 

സിപിഎമ്മിനെ അനുകരിക്കുകയാണ് മമത. ഇപ്പോള്‍ ഏറെ അനുഭവിക്കുന്നത് സിപിഎമ്മാണെന്നത് കാലത്തിന്റെ കാവ്യനീതി. അക്രമം ഭയന്ന് സിപിഎം ബിജെപിയുടെ സഹായം അഭ്യര്‍ത്ഥിച്ചു. മുസ്ലിം മതതീവ്രവാദികളെ കൂട്ടുപിടിച്ചാണ് മമത ബംഗാളിനെ ചോരയില്‍ മുക്കുന്നത്. 'മുല്ലാ മുലായ'ത്തിന് ശേഷം മുസ്ലിങ്ങളുടെ മിശിഹയാണ് താനെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ദീദി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബംഗാളിലെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ വന്‍വര്‍ദ്ധനവുണ്ടായതായി ഫെബ്രുവരി ആറിന് പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ 58 വര്‍ഗീയ സംഘര്‍ഷങ്ങളിലായി ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2016ല്‍ 32 സംഘര്‍ഷങ്ങളുണ്ടായി. 

ബിജെപിയെയും കോണ്‍ഗ്രസ്സിനെയും മറികടന്ന് പ്രധാനമന്ത്രിക്കസേര സ്വപ്‌നം കാണുന്ന മമതക്ക് മതതീവ്രവാദികളുമായുള്ള സഖ്യം നിലനിര്‍ത്തിയേ മതിയാകൂ. രാഹുലിനെ അംഗീകരിക്കാന്‍ തയ്യാറാകാത്ത മമത തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവുമായി ചേര്‍ന്ന് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. മോദിയെ താഴെയിറക്കാന്‍ വിയര്‍പ്പൊഴുക്കുമ്പോഴാണ് സ്വന്തം തട്ടകത്തില്‍ ബിജെപി മുന്നേറുന്നത്. ജനാധിപത്യപരമായി മോദിയും സംഘവും തെരഞ്ഞെടുപ്പില്‍ ജയിക്കുമ്പോള്‍ വോട്ടിംഗ് മെഷീനെതിരെ വ്യാജപ്രചാരണം നടത്തി ജനാധിപത്യം അപകടത്തിലാണെന്ന് നിലവിളിക്കുന്നവര്‍ ബംഗാളിലെ ജനാധിപത്യക്കശാപ്പ് കാണുന്നില്ലെന്നതാണ് ഏറ്റവും വലിയ ഇരട്ടത്താപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.