സിപിഎം ഗ്രാമങ്ങളില്‍ പാര്‍ട്ടി കുടുംബങ്ങള്‍ക്കുപോലും രക്ഷയില്ല

Wednesday 23 May 2018 2:11 am IST
പാലാ കൊഴുവല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരക്കളിക്കായി 26 വര്‍ഷം മുമ്പ് നാലേകാല്‍ സെന്റ് ഭൂമി ഇവര്‍ നല്‍കിയിരുന്നു. അതിനുശേഷം ദേവഹിതപ്രകാരം ഇവരുടെ പറമ്പിന്റെ മറ്റൊരു ഭാഗത്തുള്ള നാലേകാല്‍ സെന്റ് ഭൂമിയാണ് പൂരക്കളിക്ക് യോജിച്ചതെന്ന് സംഘാടകര്‍ പറയുകയും ഭീഷണിപ്പെടുത്തി ഈ സ്ഥലം കൈക്കലാക്കുകയും ചെയ്തു. ആദ്യം നല്‍കിയ നാലേകാല്‍ സെന്റ് സ്ഥലം തിരിച്ച് നല്‍കിയുമില്ല.

കാസര്‍കോട്: നീലേശ്വരത്തെ സിപിഎം കോട്ടകളെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ പാര്‍ട്ടി കുടുംബങ്ങള്‍ക്കുപോലും ജീവിക്കാന്‍ കഴിയുന്നില്ല. സിപിഎം ഭീഷണിയെ തുടര്‍ന്ന്, കയ്യൂര്‍ സമരസേനാനിയുടെ മകള്‍ക്ക് സ്വന്തം വീടുപേക്ഷിച്ച് മാറി താമസിക്കേണ്ടി വന്നു. 

 നീലേശ്വരം പേരോല്‍  പാലായിലുള്ള പരേതനായ ടി.രാഘവന്‍ മാസ്റ്ററുടെ ഭാര്യ എം.കെ.രാധയോടാണ് ഈ ക്രൂരത. ഇവരുടെ വീടിന് നേര്‍ക്ക് നിരന്തരം സിപിഎം സംഘം അക്രമം നടത്തുന്നതായി മകള്‍ എം.കെ.ബിന്ദു പരാതിയില്‍ പറയുന്നു.  ജനല്‍ഗ്ലാസ്സുകള്‍ കല്ലെറിഞ്ഞു തകര്‍ത്തും, മോട്ടോറിന്റെ പൈപ്പുകള്‍ പൊട്ടിച്ചും, കാര്‍ഷിക വിളകള്‍ നശിപ്പിച്ചും, കുടിവെള്ളം മലിനമാക്കിയും, വീട്ടിലേക്കുള്ള വഴികള്‍ മുടക്കിയും നിരന്തരമായി ഇവരെ ശല്യം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് കാണിച്ചു നല്‍കിയ പരാതികളില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ല. കയ്യൂര്‍ കേസില്‍ പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായ പി.പി.കുമാരന്റെ മകള്‍ രാധയ്ക്കു നേരെയാണ് സിപിഎം സംഘത്തിന്റെ ഈ അതിക്രമം.

പാലാ കൊഴുവല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരക്കളിക്കായി 26 വര്‍ഷം മുമ്പ് നാലേകാല്‍ സെന്റ് ഭൂമി ഇവര്‍ നല്‍കിയിരുന്നു. അതിനുശേഷം ദേവഹിതപ്രകാരം ഇവരുടെ പറമ്പിന്റെ മറ്റൊരു ഭാഗത്തുള്ള നാലേകാല്‍ സെന്റ് ഭൂമിയാണ് പൂരക്കളിക്ക് യോജിച്ചതെന്ന് സംഘാടകര്‍ പറയുകയും ഭീഷണിപ്പെടുത്തി ഈ സ്ഥലം കൈക്കലാക്കുകയും ചെയ്തു. ആദ്യം നല്‍കിയ നാലേകാല്‍ സെന്റ് സ്ഥലം തിരിച്ച് നല്‍കിയുമില്ല.

പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ അനുബന്ധ റോഡിനായി  സിപിഎം നേതൃത്വം പിഡബ്ല്യൂഡി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഇവരുടെ പറമ്പിലെ കാര്‍ഷിക വിളകള്‍ നശിപ്പിച്ച് സ്ഥലം കയ്യേറി റോഡ് നിര്‍മ്മിച്ചു. പാലം നിര്‍മ്മിക്കാന്‍ നിശ്ചയിച്ച സ്ഥലത്ത് നിന്ന് മുനിസിപ്പല്‍  റോഡിലേക്ക് മൂന്നുപേരുടെ സമ്മതപ്രകാരം എളുപ്പത്തില്‍ റോഡ് നിര്‍മ്മിക്കാന്‍ കഴിയും. പക്ഷെ അത് ചെയ്യാതെ  ഇവരുടെ പറമ്പിന് സമീപത്തു കൂടി അനുബന്ധ റോഡ് നിര്‍മ്മിക്കാനാണ് ശ്രമം. ഇതിനെതിരെ ഇവര്‍ നല്‍കിയ കേസിലെ ഇന്‍ഞ്ചങ്ഷന്‍ ഓര്‍ഡര്‍ നിലനില്‍ക്കുമ്പോഴാണ് അതിക്രമിച്ച് കയറി 2017 ഏപ്രില്‍ 24ന് റോഡ് നിര്‍മ്മിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. വിവിധ കാലങ്ങളിലായി ഇവര്‍ നല്‍കിയ 8 പരാതികളില്‍ പോലീസ് യാതൊരു നടപടിയും സ്വീകരിക്കാതെ രാധയോട് വീട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പറമ്പില്‍ വീഴുന്ന അടയ്ക്കയും തേങ്ങയും ചാക്കുകളിലാക്കി സഖാക്കള്‍ കടത്തി കൊണ്ടുപോവുകയാണ്.

മലബാറിലെ സിപിഎമ്മിന്റെ എക്കാലത്തെയും നേതാക്കളിലൊരാളായ കയ്യൂര്‍ സമര സേനാനി എലിച്ചി കണ്ണന്റെ പൗത്രിയാണ് രാധ.  കയ്യൂര്‍ സമരത്തില്‍  എംഎസ്പിക്കാരുടെ മര്‍ദ്ദനം ഏറ്റുവാങ്ങുകയും  സ്വാതന്ത്യ സമര പെന്‍ഷന്‍ തനിക്ക് വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പി.പി.കുമാരന്റെ മകളും  കെഎസ്ടിഎ നേതാവായ ടി.രാഘവന്‍ മാസ്റ്ററുടെ വിധവയുമാണ് രാധ.  ചരിത്രം മറക്കുന്ന പുതിയ സഖാക്കളുടെ ക്രൂരത  തങ്ങളെ വേദനിപ്പിക്കുന്നതായി  60 വയസുകാരിയായ എം.കെ.രാധ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.