ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്തു സംരക്ഷണം; ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ ധര്‍ണ നടത്തി

Wednesday 23 May 2018 2:16 am IST

തിരുവനന്തപുരം: ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്തുകള്‍ സംരക്ഷിക്കുന്നതിന് സമഗ്ര ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. 2009 ല്‍ ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായി നിയമ പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്ത കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്  ട്രസ്റ്റ് ബില്‍ നിയമമാക്കണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ(കൊല്ലം) ആവശ്യം. മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്ട് ബില്‍ ഇംപ്‌ളിമെന്റേഷന്‍, മക്കബി, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുടെയും വിവിധ ക്രൈസ്തവ സഭാ വിശ്വാസികളുടെയും സഹകരണത്തോടെയാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. 

  ആക്ഷന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ. ബോറിസ് പോള്‍ മുഖ്യ പ്രഭാഷണം നടത്തി. ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട തങ്ങളെ  സഭാവിരുദ്ധരായി മുദ്രകുത്തുകയാണ് സഭാ നേതൃത്വം ചെയ്തത്. തങ്ങള്‍ സമരം ചെയ്യുന്നത് ചില പുരോഹിതന്‍മാര്‍ക്കെതിരെയാണ് അദ്ദേഹം പറഞ്ഞു.  

ഭരണഘടനയ്ക്കനുസരിച്ച് ജനാധിപത്യപരമായ ഒരു ഭരണക്രമം ക്രൈസ്തവസഭയുടെ നടത്തിപ്പിലും ഉണ്ടാകണം എന്നാണ് ക്രൈസ്തവസഭയുടെ ആവശ്യമെന്ന്്  ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി വി.കെ.ജോയ് പറഞ്ഞു. വിശ്വാസികളുടെ സ്വത്തുകള്‍ അന്യാധീനപ്പെടാതിരിക്കണം. സ്വത്തുക്കള്‍ മെത്രാന്മാരുടെ കീശയില്‍ എത്താന്‍ അനുവദിക്കില്ലെന്ന്  ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫ് പറഞ്ഞു. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.