പിഎന്‍ബി തട്ടിപ്പ്; മുന്‍ സിഇഒയുടെ അറിവോടെ

Wednesday 23 May 2018 2:20 am IST
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഗ്യാരണ്ടി കത്ത് ഉപയോഗിച്ചാണ് ഇത്രയധികം തുകയുടെ തട്ടിപ്പ് നീരവ് മോദിയും സംഘവും ആസൂത്രണം ചെയ്തത്. ബാങ്കിന്റെ ദുബായ് ശാഖ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ചണ്ഡീഗഡ് ശാഖ എന്നിവ കേന്ദ്രീകരിച്ച് തട്ടിപ്പ് തുടങ്ങിയപ്പോള്‍ത്തന്നെ അതെക്കുറിച്ച് ഉഷയ്ക്കും മറ്റു ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അറിവുണ്ടായിരുന്നു എന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നതെന്ന് റിപ്പോര്‍ട്ട്.

മുംബൈ: വജ്രവ്യാപാരി നീരവ് മോദിയുടെ പതിനാലായിരം കോടി രൂപയുടെ തട്ടിപ്പിനെക്കുറിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ എംഡിയും സിഇഒയുമായ ഉഷ സുബ്രഹ്മണ്യന് അറിയാമായിരുന്നെന്ന് സിബിഐ. 2015 ആഗസ്റ്റ് മുതല്‍ 2017 മെയ് വരെ ബാങ്കിന്റെ മേധാവിയായിരുന്നു ഉഷ.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഗ്യാരണ്ടി കത്ത് ഉപയോഗിച്ചാണ് ഇത്രയധികം തുകയുടെ തട്ടിപ്പ് നീരവ് മോദിയും സംഘവും ആസൂത്രണം ചെയ്തത്. ബാങ്കിന്റെ ദുബായ് ശാഖ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ചണ്ഡീഗഡ് ശാഖ എന്നിവ കേന്ദ്രീകരിച്ച് തട്ടിപ്പ് തുടങ്ങിയപ്പോള്‍ത്തന്നെ അതെക്കുറിച്ച് ഉഷയ്ക്കും മറ്റു ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അറിവുണ്ടായിരുന്നു എന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നതെന്ന് റിപ്പോര്‍ട്ട്. ഒരു നടപടിയും സ്വീകരിക്കാതെ അവര്‍ കാഴ്ചക്കാരെപ്പോലെ നിന്നു. തട്ടിപ്പ് തുടര്‍ന്നു. പതിനായിരത്തിലേറെ കോടി രൂപയുടെ അഴിമതിയായി അതു മാറി, കുറ്റപത്രത്തില്‍ തുടരുന്നു.

റിസര്‍വ് ബാങ്ക് ചട്ടങ്ങളുടെ കടുത്ത ലംഘനം ഈ തട്ടിപ്പിന്റെ തുടക്കത്തില്‍ത്തന്നെ വ്യക്തമായിരുന്നു. 

ബാങ്ക്‌മേധാവി എന്ന നിലയില്‍  ഉഷ സുബ്രഹ്മണ്യന്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ല. തന്റെ സഹപ്രവര്‍ത്തകരെ അതിനായി പ്രേരിപ്പിച്ചതുമില്ല. നീരവ് മോദിക്കൊപ്പം തട്ടിപ്പു നടത്തിയ വിപുല്‍ അംബാനിയടക്കമുള്ള പ്രതികള്‍ നിരന്തരം ഉഷയുമായി കൂടിക്കാഴ്ചകള്‍ നടത്തിയതിനും തെളിവുണ്ടെന്നു സിബിഐ പറയുന്നു. ബാങ്കില്‍ നിന്ന് കൂടുതല്‍ തുക വായ്പ ലഭിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായിരുന്നു ഇത്. നീരവിന്റെ വിവിധ സംരംഭങ്ങള്‍ക്ക് ബാങ്ക് അനുവദിച്ചിരുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ഉഷയ്ക്ക് അറിയാമായിരുന്നു എന്നതിന്റെ തെളിവാണ് ഈ കൂടിക്കാഴ്ചകള്‍.

നീരവിനു നല്‍കിയിരുന്ന ഗ്യാരണ്ടി കത്തുകളെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ച റിസര്‍വ് ബാങ്കിനെ ഉഷ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സിബിഐ കണ്ടെത്തി. ചില സംശയങ്ങള്‍ക്ക് മറുപടി ആവശ്യപ്പെട്ട് 2016 ഒക്‌ടോബര്‍ മുതല്‍ റിസര്‍വ് ബാങ്ക് കത്തുകള്‍ അയച്ചിരുന്നു. ഈ കത്തുകള്‍ ഉഷയാണ് കണ്ടിരുന്നത്. ഉഷയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.വി. ബ്രഹ്മജി റാവു, സഞ്ജീവ് ശരണ്‍, നെഹാല്‍ അഹാദ് എന്നിവര്‍ റിസര്‍വ് ബാങ്കിനെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് നല്‍കിയതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.