ചൈനയില്‍ മുസ്ലീം പള്ളികളില്‍ ദേശീയപതാക ഉയര്‍ത്താന്‍ ഉത്തരവ്

Wednesday 23 May 2018 2:25 am IST

ബീജിങ്: ദേശീയത പ്രോത്സാഹിപ്പിക്കാന്‍ ചൈനയിലെ മുസ്ലീം പള്ളികളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് ഉത്തരവ്. 

മുസ്ലീം സ്ഥാപനങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന സോഷ്യലിസ്റ്റ് തത്വങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും മുസ്ലീം ഗ്രന്ഥങ്ങളിലൂടെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചൈനാ ഇസ്ലാമിക് അസോസിയേഷനാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

വിവിധ മുസ്ലീം വിഭാഗങ്ങള്‍ ദേശീയതയെക്കുറിച്ചും സോഷ്യലിസ്റ്റ് ആശയങ്ങളെക്കുറിച്ചും കൂടുതല്‍ അറിവുള്ളവരാകണം. അതുകൊണ്ടു ദേശീയതയെ പ്രോത്സാഹിപ്പിക്കാന്‍  എല്ലാ പള്ളികളിലെയും പ്രധാനഭാഗങ്ങളില്‍ പഞ്ചനക്ഷത്ര ചുവപ്പ് പതാക ഉയര്‍ത്തണം. പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രധാന ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരണം. ചൈനയുടെ പാരമ്പര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും മുസ്ലീം സമുദായങ്ങള്‍ കൂടുതല്‍ പഠിക്കുകയും അവ പിന്തുടരുകയും വേണം; ഉത്തരവില്‍ പറയുന്നു. മുസ്ലീം പള്ളികളിലെ ജീവനക്കാരോട് ചൈനീസ് ഭരണഘടനയെക്കുറിച്ചും മതനിയന്ത്രണങ്ങളടക്കമുള്ള മറ്റ് നിയമങ്ങളെക്കുറിച്ചും ക്ലാസ്സുകള്‍ സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ചൈനീസ് ചരിത്രം പഠിക്കണമെന്നും ചൈനീസ് പുരാണകഥകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള കോഴ്‌സുകള്‍ ആരംഭിക്കണമെന്നുമുണ്ട്. വിദേശത്തെ മുസ്ലീം ചരിത്രകഥകള്‍ ഒഴിവാക്കി ചൈനയുമായി ബന്ധപ്പെട്ട മുസ്ലീംകഥകള്‍ക്ക് പ്രചാരം കൊടുത്താല്‍ മതിയെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചൈനയിലെ നിങ്ഷ്യ, ബീജിങ്, ഗ്യാന്‍സു, ക്വിന്‍ങായ്, ഷിന്‍ജിയാങ് പ്രവിശ്യകളില്‍ ഉത്തരവുകള്‍ സംബന്ധിച്ച പ്രചാരണം നടത്തണമെന്നുമുണ്ട്. റംസാന്‍ വ്രതാരംഭവേളയിലാണ് സര്‍ക്കാര്‍ ഉത്തരവെന്നതും ശ്രദ്ധേയമാണ്. 10 വിഭാഗങ്ങളില്‍പ്പെട്ട 20 ദശലക്ഷം മുസ്ലീങ്ങള്‍ ചൈനയിലുണ്ട്. ചൈനയില്‍ മതനിയന്ത്രണത്തിനായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അടുത്തിടെ നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.