'ഹുറിയത്ത് പാക്കിസ്ഥാന്റെ സംഘം; യുവാക്കളെ ആയുധമെടുപ്പിച്ചത് ഇസ്ലാമാബാദ്'

Wednesday 23 May 2018 2:23 am IST
മുംബൈ ഭീകരാക്രമണം, കുല്‍ഭൂഷണ്‍ ജാദവ്, പത്താന്‍കോട്ട് ആക്രമണം, ബിന്‍ലാദന്‍, നരേന്ദ്ര മോദി, അടല്‍ ബിഹാരി വാജ്‌പേയ്, ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തിലെ യുഎസ്-റഷ്യ ഇടപെടല്‍ തുടങ്ങി നിരവധി വിഷയങ്ങളിലെ രഹസ്യങ്ങള്‍ പുസ്തകം തുറന്നിടുന്നു. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന കുപ്‌വാരയിലെ അമാനുള്ള ഗില്‍ഗിറ്റിയെ നേരിട്ട് പരിചയപ്പെട്ടിരുന്നതായി ദുറാനി പറയുന്നു.

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ വിഘടനവാദത്തിനും ഭീകരപ്രവര്‍ത്തനത്തിനും പിന്നില്‍ പാക്കിസ്ഥാനാണെന്ന് തുറന്നുപറഞ്ഞ് പാക്ക് ചാരസംഘടന ഐഎസ്‌ഐയുടെ മുന്‍ മേധാവി അസദ് ദുറാനി. പാക്കിസ്ഥാന്റെ സൃഷ്ടിയാണ് ഹുറിയത്ത് കോണ്‍ഫറന്‍സ്. വിഘടനവാദത്തിലൂടെ കശ്മീരിനെ അടര്‍ത്തിയെടുക്കാനാകുമെന്ന് കരുതി. എന്നാല്‍ ഇത് തെറ്റായിരുന്നു. യുവാക്കളെ ആയുധമെടുത്ത് അക്രമത്തിന് പ്രേരിപ്പിച്ചത് ഇസ്ലാമാബാദാണ്. കശ്മീരില്‍ ചോരപ്പുഴയൊഴുകി. പാക്കിസ്ഥാന് അബദ്ധം പറ്റുകയായിരുന്നു. ഹുറിയത്ത് പാക്കിസ്ഥാന്റെ സംഘമാണ്. മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ സിന്‍ഹ രചിച്ച 'ചാരവൃത്തിയുടെ ഇതിഹാസം' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ മേധാവി അമര്‍ജിത് സിംഗ് ദുലതിന്റെ സംഭാഷണങ്ങളും പുസ്തകത്തിലുണ്ട്. 

മുംബൈ ഭീകരാക്രമണം, കുല്‍ഭൂഷണ്‍ ജാദവ്, പത്താന്‍കോട്ട് ആക്രമണം, ബിന്‍ലാദന്‍, നരേന്ദ്ര മോദി, അടല്‍ ബിഹാരി വാജ്‌പേയ്, ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തിലെ യുഎസ്-റഷ്യ ഇടപെടല്‍ തുടങ്ങി നിരവധി വിഷയങ്ങളിലെ രഹസ്യങ്ങള്‍ പുസ്തകം തുറന്നിടുന്നു. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന കുപ്‌വാരയിലെ അമാനുള്ള ഗില്‍ഗിറ്റിയെ നേരിട്ട് പരിചയപ്പെട്ടിരുന്നതായി ദുറാനി പറയുന്നു. ഭീകരതയില്‍നിന്നും അയാളെ പിന്തിരിപ്പിക്കാന്‍ സാധിക്കാത്തതില്‍ നിരാശ തോന്നിയിട്ടുണ്ട്. അമാനുള്ളയ്ക്ക് പിന്നാലെ മറ്റ് പലരും വന്നു. ഭീകരത ശക്തിപ്പെട്ടു. 1990-91ലാണ് ദുറാനി ഐഎസ്‌ഐ മേധാവിയായിരുന്നത്. കശ്മീരില്‍ ഏറ്റവുമധികം ഹിന്ദു വംശഹത്യയും കൂട്ടപ്പലായനവും അക്രമങ്ങളും നടന്ന കാലമാണിത്. 

 പ്രധാനമന്ത്രി മോദിയെയും ദേശീയ സുരക്ഷാ ഉപദേ്ഷാടാവ് അജിത് ദോവലിനെയും ദുറാനി പുകഴ്ത്തുന്നു. അവസരങ്ങള്‍ നഷ്ടപ്പെടുത്താത്ത മിടുക്കനാണ് മോദി. കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മോദിയാണ്. എങ്കിലും പാക്കിസ്ഥാനുമായി ദീര്‍ഘകാലത്തേക്ക് ബന്ധം മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിക്കില്ല. ഉരുക്കുമുഷ്ടിയോടെ ഭരിക്കുന്നയാളെന്നാണ് ദോവലിന് നല്‍കുന്ന വിശേഷണം. 2016ല്‍ ആറ് മുന്‍ പാക് ഹൈക്കമ്മീഷണര്‍മാരുടെ യോഗം ദോവല്‍ വിളിച്ചുചേര്‍ത്തു. ഔദ്യോഗിക യോഗത്തിന് ചേരുന്നതായിരുന്നില്ല ദോവലിന്റെ പെരുമാറ്റം. നിങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. മോശമായി എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഉദ്യോഗസ്ഥര്‍ക്ക് കൈ കൊടുക്കാതെയും ഉപചാരം കാണിക്കാതെയും അദ്ദേഹം മടങ്ങി. ദോവല്‍ നല്ല സുഹൃത്തും ആരെയും അധികം വിശ്വസിക്കാത്ത, കഴിവുള്ള ഉദ്യോഗസ്ഥനുമാണെന്നാണ് ദുലതിന്റെ അഭിപ്രായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.