പോലീസ് അനാസ്ഥയ്‌ക്കെതിരെ ഭക്തജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് ; മലപ്പുറത്ത് ക്ഷേത്രങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു

Wednesday 23 May 2018 2:24 am IST

മലപ്പുറം: മലപ്പുറം ജില്ലയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. പെരിന്തല്‍മണ്ണയ്ക്ക് സമീപം ആലിപ്പറമ്പിലും പരിസരങ്ങളിലുമുള്ള ആറോളം ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവായി. മാസത്തില്‍ ഒന്നിലേറെ തവണ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകും. ആലിപ്പറമ്പ് തളി ക്ഷേത്രം, കാവുംപുറം നരസിംഹമൂര്‍ത്തി ക്ഷേത്രം, കത്തൊടിക്കളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കച്ചേരിത്തൊടി ഗുരുക്കള്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളാണ് തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത്. 

രാത്രിയുടെ മറവില്‍ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി ശ്രീകോവിലും വിഗ്രഹങ്ങളും അടിച്ചുതകര്‍ക്കുകയാണ്. ഓഫീസ് മുറികളിലെ കസേരകളും മേശയും ഫയലുകളുമടക്കം നശിപ്പിക്കുന്നതും പതിവാണ്. പുലര്‍ച്ചെ ക്ഷേത്രത്തില്‍ പാട്ട് വെയ്ക്കുന്നതിനായി ഉപയോഗിക്കുന്ന പെന്‍ഡ്രൈവുകളും മോഷ്ടിക്കപ്പെടുന്നു. 

എന്നാല്‍ മോഷണമല്ല ലക്ഷ്യമെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങളാണെന്നും നാട്ടുകാര്‍ പറയുന്നു. ഓരോ തവണയും പോലീസില്‍ പരാതി നല്‍കാറുണ്ട്. പക്ഷേ ഒരു സംഭവത്തില്‍ പോലും പ്രതികളെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഭക്തജനങ്ങളുടെയും ക്ഷേത്രഭാരവാഹികളുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.