വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്: കേന്ദ്രം ഫണ്ട് നല്‍കിയിട്ടും സംസ്ഥാനത്തിന് അനാസ്ഥ

Wednesday 23 May 2018 2:27 am IST

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ യഥാസമയം ഫണ്ട് അനുവദിച്ചിട്ടും ദേശീയ നിലവാരത്തിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കാരണം. പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ പ്രധാന പങ്കുവഹിക്കേണ്ട ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ കേന്ദ്രം ഫണ്ട് അനുവദിച്ചിട്ട് വര്‍ഷം മൂന്നാകുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ കെട്ടിടം പണി ഇഴഞ്ഞു നീങ്ങുകയാണ്. താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മതിയായ പരിശോധനാ ഉപകരണങ്ങളും ജീവനക്കാരുമില്ല. 

 ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിന്റെ പരിസരത്ത് അഞ്ച് ഏക്കര്‍ സ്ഥലത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഡയറക്ടറേറ്റ് 34.25 കോടി അനുവദിച്ചത് 2015 ജൂണിലാണ്. രണ്ടു വര്‍ഷത്തിനകം ആധുനിക സൗകര്യങ്ങളോടു കൂടിയ കേന്ദ്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാകുമെന്നായിരുന്നു പ്രഖ്യാപനം. ഈ വര്‍ഷം സെപ്തംബറില്‍ കമ്മീഷന്‍ ചെയ്യുമെന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

   എന്നാല്‍ കെട്ടിടനിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ വേഗമനുസരിച്ച് ഈവര്‍ഷവും ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ പകര്‍ച്ചവ്യാധികളെ സംബന്ധിച്ച ലാബ് പരിശോധനകള്‍ വേഗത്തിലാക്കാനാകും. 19 കോടിയുടെ സിവില്‍ ജോലികളാണ് നടക്കുന്നത്. 2016 ഒക്ടോബറില്‍ സിവില്‍ ജോലികള്‍ പൂര്‍ത്തിയാകേണ്ടിയിരുന്നു. ആധുനിക ലാബുകളുടെ നിര്‍മ്മാണം, ഉപകരണങ്ങള്‍ വാങ്ങല്‍, ശാസ്ത്രജ്ഞന്മാരുടെയും മറ്റും ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണം എന്നിവ കഴിയുമ്പോള്‍ 45 കോടി ചെലവാകുമെന്നാണു പ്രതീക്ഷ. 

   കേരളത്തില്‍ വ്യാപകമായും പ്രത്യേകിച്ച്, ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ 2009 മുതലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി ആലോചന തുടങ്ങിയത്. എല്ലാ പകര്‍ച്ചവ്യാധികളുടേയും പ്രഭവകേന്ദ്രമെന്ന നിലയിലും പരിസ്ഥിതിയുടെ പ്രത്യേകതയും മൂലം ആലപ്പുഴ ജില്ലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

   ഈ സാഹചര്യത്തില്‍ പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 20 ജീവനക്കാരെ നിയമിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ ഡിഎംഒ ഓഫീസിലെ പരിമിത സൗകര്യത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം.

  കെട്ടിടത്തിന്റെയും ലാബുകളുടെയും സൗകര്യങ്ങളുടെ കുറവ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികളുടെ ജനിതകമാറ്റം, ഇവയുടെ നിര്‍മ്മാര്‍ജനം, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ വേഗത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്നും കേരളത്തിന് അന്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.