അതിരൂപതയുടെ വസ്തു ഇടപാട്‌; വീണ്ടും അന്വേഷിക്കാം: ഹൈക്കോടതി

Wednesday 23 May 2018 2:28 am IST

കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട്  ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടയുള്ളവര്‍ക്കെതിരെ കേസെടുത്തന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഹര്‍ജിയിലെ സാങ്കേതിക പിഴവ് കണക്കിലെടുത്താണ് നടപടി. എന്നാല്‍ വേണമെങ്കില്‍ വീണ്ടും അന്വേഷണം നടത്താമെന്നും ഈ ആവശ്യവുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പോലീസ് അന്വേഷിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാതെ പരാതിക്കാരന്‍ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചതാണ് വിധി റദ്ദാക്കാന്‍ കാരണം.

   അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. അതിരൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോഷി പുതുവ, പ്രൊ വികാര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമിയിടപാടില്‍ ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ് എന്നിവരും  അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. 

ഭൂമിയിടപാടില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ മാര്‍ച്ച് ആറിനാണ് സിംഗിള്‍ ബെഞ്ച് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.  ജനുവരി 15 നാണ് ഷൈന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.  എന്നാല്‍ കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചെന്നാരോപിച്ച് അടുത്ത ദിവസം തന്നെ ഇയാള്‍ ഹര്‍ജിയും നല്‍കി. കേസെടുത്തില്ലെങ്കില്‍ ക്രിമിനല്‍ നടപടി ചട്ട പ്രകാരം ബദല്‍ മാര്‍ഗങ്ങളുണ്ടെന്നിരിക്കെ ഷൈന്‍ വര്‍ഗീസ് തിരക്കിട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യം  സിംഗിള്‍ബെഞ്ച് ശ്രദ്ധിച്ചില്ല. 

 പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചാല്‍  മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കുകയാണ് വേണ്ടത്.  ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും പരാതിക്കാരന്‍ തയ്യാറായില്ല. ഈ കടമ്പ കടക്കാതെയാണ് ഹര്‍ജിക്കാരന്‍ നേരിട്ട് ഹൈക്കോടതിയിലെത്തിയത്. ഇതു കണക്കിലെടുക്കാതെ കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ട സിംഗിള്‍ബെഞ്ചിന്റെ വിധിയില്‍ നിയമപരമായ അപാകമുണ്ട്. കോടതി ചൂണ്ടിക്കാട്ടി. 

അന്വേഷണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കാനുള്ള തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാനേ ഹൈക്കോടതിക്ക് കഴിയൂ. അന്വേഷണം തുടങ്ങിവെക്കാന്‍ കഴിയില്ല. ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങണമോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സിയാണ്. അന്വേഷണം നടക്കുന്നതിനിടെ നിയന്ത്രണവുമായി ഇടപെടാന്‍ കോടതിക്ക് കഴിയും. പോലീസ് അന്വേഷിക്കുന്നില്ലെങ്കില്‍ മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാം. തെളിവുകള്‍ രേഖപ്പെടുത്തി അന്വേഷണം വേണമോയെന്ന് മജിസ്‌ട്രേട്ട് കോടതിക്ക് തീരുമാനിക്കാം. എന്നാല്‍ പരാതിയിലെ മഷി ഉണങ്ങുന്നതിന് മുമ്പ് രസീതിക്കു പോലും കാത്ത് നില്‍ക്കാതെ പരാതിക്കാരന്‍ ഹൈക്കോടതിയിലേക്ക് എത്തിയത് അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.