തര്‍ക്കമുള്ള പള്ളികള്‍ സന്ദര്‍ശിക്കില്ല: പത്രിയാര്‍ക്കീസ് ബാവ

Wednesday 23 May 2018 2:37 am IST
ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെയും പാത്രിയാര്‍ക്കിസ് ബാവ ശ്ലാഘിച്ചു. തന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. അവര്‍ വരുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും നിര്‍ഭാഗ്യവശാല്‍ അവരെത്തിയില്ല. ഇരുപക്ഷത്തിന്റെയും ആത്മീയ നേതാവ് എന്ന നിലയില്‍ സഭയില്‍ സമാധാനവും ഐക്യവും സ്ഥാപിക്കുകയെന്നതാണ് തന്റെ ചുമതലയെന്നും പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു. സമാധാനത്തിന് തന്റെ കൈവശം റോഡ് മാപ്പൊന്നും ഇല്ല.

കൊച്ചി: കേരള സഭയിലെ ഐക്യം സംരക്ഷിക്കാനാണ് തന്റെ പരിശ്രമമെന്ന്  സുറിയാനി സഭ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവ. കേരളത്തിലെ സഭാ തര്‍ക്കം പരിഹരിക്കേണ്ടത് ഇവിടുത്തെ നേതൃത്വമാണെന്നും തര്‍ക്കമുള്ള പള്ളികള്‍ സന്ദര്‍ശിച്ച് ഭിന്നത വര്‍ധിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്നും പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെയും പാത്രിയാര്‍ക്കിസ് ബാവ ശ്ലാഘിച്ചു. തന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ചര്‍ച്ചയ്ക്ക്  ക്ഷണിച്ചിരുന്നു. അവര്‍ വരുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും  നിര്‍ഭാഗ്യവശാല്‍ അവരെത്തിയില്ല.  ഇരുപക്ഷത്തിന്റെയും ആത്മീയ നേതാവ് എന്ന നിലയില്‍ സഭയില്‍ സമാധാനവും ഐക്യവും സ്ഥാപിക്കുകയെന്നതാണ് തന്റെ ചുമതലയെന്നും പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു. സമാധാനത്തിന് തന്റെ കൈവശം റോഡ് മാപ്പൊന്നും ഇല്ല. ഇവിടുത്തെ പ്രശ്‌നങ്ങള്‍ ഇവിടെ ഒരുമിച്ചിരുന്ന് പരിഹരിക്കണം. പരസ്പര ധാരണയും സഹകരണവും തുടരണം. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിന് ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കമുള്ള പള്ളികളില്‍ സന്ദര്‍ശനം നടത്തി ഭിന്നത വര്‍ധിപ്പിക്കാന്‍  ഉദ്ദേശ്യമില്ല. പരുമല പള്ളി പാത്രിയാര്‍ക്കീസിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നപരിഹാരത്തിനുള്ള സാഹചര്യങ്ങളൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടും. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരുമായും കൂടിക്കാഴ്ച നടത്തും.

മലബാര്‍ ഭദ്രാസനത്തിലെ പോലെ ഇവിടെയും ഇരുവിഭാഗവും ഒരുമിച്ച് ആരാധന നടത്തുന്ന രീതി അനുവര്‍ത്തിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. അവിടെ സഭാ ജനങ്ങള്‍ക്ക് ഒരുമിക്കാമെങ്കില്‍ ഇവിടെയുമാകാം. സഭാ തര്‍ക്കം 2000 വര്‍ഷം കഴിഞ്ഞാലും തീരില്ലെന്ന് കോടതികള്‍ അഭിപ്രായപ്പെട്ടതാണ്.  സമാധാനത്തിനായി ഒരുമിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. അതിന് വേണ്ടി മുന്‍കൈയെടുക്കാന്‍ ഒരുക്കമാണ്. മധ്യസ്ഥന്‍മാരെ വച്ച് സംസാരിച്ചാല്‍ തീരുമെങ്കില്‍ അതാകാം. അതിനായി തങ്ങളുടെ  ചെലവില്‍ ഓഫീസ് തുറക്കാനും തയ്യാറാണെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി. 

 സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്  മെത്രാപ്പൊലീത്ത, മലങ്കര കാര്യ സെക്രട്ടറി മാത്യൂസ് മാര്‍ തിമോത്തിയോസ്, സഭ ട്രസ്റ്റി  തമ്പു ജോര്‍ജ് തുകലന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.