മലങ്കര സഭയില്‍ സമാധാന ദൂതുമായി പത്രിയാര്‍ക്കീസ് ബാവ

Wednesday 23 May 2018 2:36 am IST

നെടുമ്പാശ്ശേരി: മലങ്കര സഭയില്‍ ശാശ്വത സമാധാനം ഉറപ്പാക്കുക എന്ന ദൗത്യവുമായി യാക്കോബായ സഭയുടെ പരമാദ്ധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കേരളത്തില്‍ എത്തി.  വിശ്വാസത്തിലധിഷ്ഠിതമായ ആരാധന നടത്തുന്നതിന്  എല്ലാ ജനങ്ങള്‍ക്കും അവകാശമുണ്ടെന്നും മലങ്കര സഭയില്‍ സമാധാനം ഉറപ്പാക്കുകയാണ് സന്ദര്‍ശന ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  രാജ്യത്തെ വിവിധ ഭരണാധികാരികളുമായി നടത്തുന്ന ചര്‍ച്ചകളില്‍ തനിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍  ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍  സ്വീകരിച്ചു. ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലിത്ത, സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് , മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി. തങ്കച്ചന്‍, എംഎല്‍ എ മാരായ വി.പി. സജീന്ദ്രന്‍, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, മുന്‍ മന്ത്രി ടി.യു. കുരുവിള, ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജോര്‍ജ് മാത്യൂ തുടങ്ങിയവരും സ്വീകരിക്കാന്‍  എത്തിയിരുന്നു.

 കൊച്ചിയിലെ ഹോട്ടലില്‍ വിശ്രമിച്ച ശേഷം ബാവ  പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ വിവിധ സഭാ സമിതികളുടെ യോഗത്തില്‍ പങ്കെടുത്തു. പിന്നീട് തിരുവനന്തപുരത്തേക്ക് പോയി. ഇന്ന് രാവിലെ എട്ടിന് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മഞ്ഞനിക്കര ദയറായിലേക്ക് പോകും. വൈകിട്ട് ആറിന് പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ കത്തീഡ്രലില്‍ കുര്‍ബാനയര്‍പ്പിക്കും. രാത്രി ഒന്‍പതിന് മലേക്കുരിശ് ദയറാ സന്ദര്‍ശിക്കും. 24ന് ദല്‍ഹിയിലെത്തി രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ബാവ കാണുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.