ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിനെ പിന്തുണയ്ക്കും

Wednesday 23 May 2018 2:40 am IST

പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണിവിഭാഗം യുഡിഎഫിനെ പിന്തുണയ്ക്കും. കെ.എം. മാണിയുടെ പാലായിലെ വീട്ടില്‍ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ കെ.എം. മാണിയാണ് ഇക്കാര്യം അറിയിച്ചത്.  പാര്‍ട്ടി നേതാക്കളായ പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ.മാണി, അഡ്വ. ജോയി എബ്രാഹം റോഷി. അഗസ്റ്റിന്‍, ഡോ. എന്‍. ജയരാജ്, എന്നിവരും കെ.എം. മാണിക്കൊപ്പമുണ്ടായിരുന്നു. 24ന് ചെങ്ങന്നൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുയോഗം വിളിച്ച് കേരളാകോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരില്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എം.എം. ഹസ്സന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ കഴിഞ്ഞദിവസം മാണിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ഉപസമിതി യോഗം ചേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് കെ.എം. മാണി വ്യക്തമാക്കി. മുന്നണി പ്രവേശം സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ ഇന്ന് ഏറെ ബുദ്ധിമുട്ടിലാണ്. ബിപിഎല്‍ വിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ കര്‍ഷകര്‍ക്ക് അനുകൂലമല്ല. ഈ സാഹചര്യത്തിലാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് കെ.എം. മാണി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.