രോഗവാഹകര്‍ വവ്വാലുകളെന്ന് ഉറപ്പില്ല: കേന്ദ്രസംഘം

Wednesday 23 May 2018 2:42 am IST

കോഴിക്കോട്: ചങ്ങരോത്ത് സൂപ്പിക്കടയിലെ വീട്ടിലെ കിണറ്റില്‍  നിന്നും കണ്ടെടുത്ത വവ്വാലുകള്‍ വഴിയായിരിക്കില്ല നിപ രോഗം പടര്‍ന്നതെന്ന് കേന്ദ്രസംഘം. കിണറ്റില്‍ ഉണ്ടായിരുന്ന വവ്വാലുകള്‍ പഴം ഭക്ഷണമാക്കുന്ന വിഭാഗത്തില്‍പെടുന്നവയല്ല. അവ ചെറു പ്രാണികളെ ഭക്ഷണമാക്കുന്നവയാണ്. എന്നാല്‍  വെള്ളിയാഴ്ച പരിശോധനാ ഫലം  ലഭിച്ചാല്‍ മാത്രമേ അന്തിമ നിഗമനത്തിലെത്താനാവൂ എന്ന് ഇന്നലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘത്തലവന്‍ കേന്ദ്ര മൃഗ സംരക്ഷണ കമ്മീഷണര്‍ ഡോ. സുരേഷ് എസ്. ഹോനപ്പഗോല്‍ പറഞ്ഞു. 

പ്രദേശത്തുള്ള മൃഗങ്ങള്‍ രോഗ വാഹകരല്ലെന്നാണ് പ്രാഥമിക നിഗമനം. കിണറ്റില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും പിടിച്ച വവ്വാല്‍, പന്നി, പശു , ആട് എന്നിവയുടെ സ്രവങ്ങള്‍ ഭോപ്പാലിലെ എന്‍ഐഎസ്എച്ച്എഡിലേയ്ക്ക് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ്സ് ) അയക്കും. ഈ പരിശോധനാ ഫലം ലഭിച്ചാലേ  അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കുകയുള്ളൂ. വൈറസ് ബാധ ഏതു രീതിയിലാണെന്നതിനെക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താനായിട്ടില്ല. വവ്വാലുകളെ വ്യാപകമായി വേട്ടയാടുന്നതും വെടിവെച്ചകറ്റുന്നതും സ്ഥിതി ഗുരുതരമാക്കാനേ വഴിവെക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലെ എസ്ആര്‍ഡിഡിഎല്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. എം.ഡി. വെങ്കിടേഷ്, ഡോ. ഹെഗ്‌ഡെ, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍. എന്‍. ശശി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.