മന്ത്രി സ്ഥാനം കീറാമുട്ടി

Wednesday 23 May 2018 2:44 am IST

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ പിന്തുണയില്‍ കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിലെ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയാകും. ഒരു ഉപമുഖ്യമന്ത്രി കൂടി വേണമെന്നതില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്. ഇതിലേക്ക് നിരവധി പേരുകള്‍ ഉയര്‍ന്നു വരുന്നു. 

ഇന്നലെ വൈകിട്ട് ഇരുപാര്‍ട്ടികളുടെയും സംയുക്ത യോഗത്തില്‍ 34 മന്ത്രിമാര്‍ എന്ന് തീരുമാനമായി. 22 പേര്‍ കോണ്‍ഗ്രസ്സില്‍ നിന്നും 12 പേര്‍ ജെഡിഎസ്സില്‍ നിന്നും. എന്നാല്‍ മന്ത്രിമാരുടെ പേരുകള്‍ ധാരണയില്‍ എത്തിയില്ല. ഇന്ന് കുമാരസ്വാമിയും പരമേശ്വരയും മാത്രം സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ്സിലെ രമേശ്കുമാര്‍ സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കര്‍ പദവി ജെഡിഎസ്സിനാണ്. ഇതും ആരെന്ന തീരുമാനത്തില്‍ എത്തിയില്ല. 

നാളെ സഭയില്‍ വിശ്വാസവോട്ട് തേടുമെന്ന് കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് മന്ത്രിമാരെ നിശ്ചയിച്ചാല്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയം കുമാരസ്വാമിക്കും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുമുണ്ട്. ഇതിനെ തുടര്‍ന്നാണ് എത്രയും വേഗം വിശ്വാസവോട്ട് തേടാന്‍ കുമാരസ്വാമി തീരുമാനിച്ചത്. മന്ത്രിസ്ഥാന നിര്‍ണയത്തിന് ശേഷം ഇരു പാര്‍ട്ടികളിലും വലിയ പൊട്ടിത്തെറിയാകും ഉണ്ടാകുക. 

ഉപമുഖ്യമന്ത്രി, മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കാന്‍ എംഎല്‍എ മാര്‍ക്കുവേണ്ടി ജാതി, മത നേതാക്കളും രംഗത്തിറങ്ങി. ഇതോടെ കോണ്‍ഗ്രസ്സും ജെഡിഎസ്സും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലരുടെ അനുയായികള്‍ ഇവര്‍ താമസിക്കുന്ന റിസോര്‍ട്ടിന് മുന്നിലെത്തി മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. 

പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ ദിവസം രാത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി ജെഡിഎസ് എംഎല്‍എമാരെ നേരില്‍ കണ്ട് സംസാരിച്ചു. ആദ്യം സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടട്ടെ, അതിന് ശേഷം യുക്തമായ തീരുമാനം എടുക്കാമെന്ന് അദ്ദേഹം എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കി. 

ജെഡിഎസ് ആദ്യം ഉപമുഖ്യമന്ത്രി സ്ഥാനം ഉന്നയിച്ചെങ്കിലും പിന്നീട് ഈ ആവശ്യത്തില്‍ നിന്ന് പിന്നാക്കം പോയി. ഇപ്പോള്‍ ആഭ്യന്തരം, ധനം തുടങ്ങിയ പ്രധാന വകുപ്പുകളിലാണ് നോട്ടം. 

കോണ്‍ഗ്രസില്‍ ഉപമുഖ്യമന്ത്രി സ്ഥാനമാണ് വലിയ കീറാമുട്ടിയായിരിക്കുന്നത്. നിലവില്‍ നാലുപേരോളം ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി. അടുത്ത ഉപമുഖ്യമന്ത്രി പദവിക്കായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് പുറമെ ഇന്നലെ യെമകണ്‍മാറാടി എംഎല്‍എ സതീഷ് ജാര്‍ക്കിഹോളിയും അവകാശവാദം ഉന്നയിച്ചു.  വാത്മീകി സമുദായത്തില്‍പ്പെട്ടയാളാണ് സതീഷ്. വാത്മീകി സമുദായത്തിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അവകാശ വാദം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.