നിപ: മരണം 11

Wednesday 23 May 2018 2:48 am IST

കോഴിക്കോട്: നിപ വൈറസ് രോഗബാധ നിയന്ത്രണവിധേയമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും മരണ സംഖ്യയേറുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ തുടങ്ങിയ നിപ വൈറസിന്റെ ആക്രമണം മലപ്പുറം ജില്ലയിലേക്കു കൂടി വ്യാപിച്ചത് കൂടുതല്‍ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.

നിപ വൈറസ് മൂലം കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഇതുവരെ മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം പതിനൊന്നായി. കോഴിക്കോട്ട് എട്ടു പേരും, മലപ്പുറത്ത് മൂന്ന് പേരുമാണ് മരിച്ചത്. പുനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച ഇവരുടെ സ്രവങ്ങളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായിട്ടാണ് പരിശോധനാഫലം ലഭ്യമായിരിക്കുന്നത്.

നിപ വൈറസുകളുടെ വാഹകര്‍ വവ്വാലുകളല്ലെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് വിദഗ്ധ സംഘത്തിന്റെ നിരീക്ഷണം. ഇതോടെ ഈ രോഗത്തിന് വഴിയൊരുക്കിയ ഉറവിടം എവിടെനിന്നെന്ന ചോദ്യം ബാക്കിയായിരിക്കുകയാണ്.

നിപ വൈറസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട്ട് രണ്ടുപേര്‍ കൂടി മരിച്ചു. കൂരാച്ചുണ്ട്  സ്വദേശി മടമ്പില്‍ മീത്തല്‍ രാജന്‍ (45), നാദാപുരം ചെക്യാട് ഉമ്മത്തൂര്‍ പാറക്കടവ് തട്ടാന്റവിട അശോകന്‍ (52) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. 

കഴിഞ്ഞ ദിവസം മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ മരണം നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജന്റെയും അശോകന്റെയും ശരീര സ്രവങ്ങള്‍  പൂന നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പരിശോധനയ്ക്ക് അയച്ച 18 പേരുടെ സാമ്പിളുകളില്‍ 12 പേര്‍ക്ക് നിപാ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചു. ഇവരില്‍ പത്ത് പേര്‍ ഇതിനകം മരണത്തിന് കീഴടങ്ങി. മെഡിക്കല്‍ കോളേജില്‍ നിലവില്‍ 17 പേര്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. പ്രായമായവരുടെ വാര്‍ഡില്‍ ഏഴ് പേരും പേ വാര്‍ഡില്‍ ഒരു രോഗിയും നിരീക്ഷണത്തിലാണ്. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ നിന്നുള്ള മൂന്ന് നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരീക്ഷണ വാര്‍ഡില്‍ ഏഴു പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ മിംസ് ആശുപത്രിയിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമായി രണ്ടുപേര്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 

മലപ്പുറത്ത് മരിച്ച രണ്ടുപേര്‍ക്കും നിപ വൈറസ് ബാധിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നുള്ള വിദഗ്ധര്‍ ഇന്നലെ കോഴിക്കോട്ടെത്തി ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി ചര്‍ച്ച നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.