മോദിയെ യാത്രയാക്കാന്‍ പുടിന്‍ വിമാനത്താവളത്തില്‍

Wednesday 23 May 2018 2:50 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യാത്രയാക്കാന്‍ വിമാനത്താവളം വരെ അനുഗമിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. രാത്രിയില്‍ വിമാനത്താവളത്തിലെത്തി ആലിംഗനം ചെയ്താണ് മോദിയെ പുടിന്‍ യാത്രയാക്കിയത്. റഷ്യന്‍ പ്രസിഡന്റിന്റെ അസാധാരണ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. 

മോദിയും പുടിനും തമ്മില്‍ വ്യക്തിപരമായി അടുത്ത സൗഹൃദമാണുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ താന്‍ ആദ്യം കൂടിക്കാഴ്ച നടത്തിയത് പുടിനുമായാണെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഷ്യ ഇന്ത്യക്ക് നല്‍കുന്ന പ്രത്യേക പരിഗണനയാണ് പുടിന്റെ പെരുമാറ്റമെന്ന് വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു. 

ഒരു ദിവസത്തെ റഷ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാത്രി മോദി മടങ്ങിയെത്തി. പുടിനുമായി നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധവും അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ചയായി. പുടിനൊപ്പം മോയ റഷ്യ എത്‌നോ സെന്ററും മോദി സന്ദര്‍ശിച്ചു. കലാകാരന്മാരുമായി സംസാരിച്ചു. കടല്‍ത്തീര നഗരമായ സോച്ചിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. അവരെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇരുവരും ബോട്ട് യാത്ര നടത്തി. 

ഭീകരത വര്‍ദ്ധിക്കുന്നതില്‍ രണ്ട് നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. എല്ലാ തരത്തിലുള്ള ഭീകരതയ്ക്കുമെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഊര്‍ജ്ജമേഖലയിലെ സഹകരണത്തില്‍ ഇരുവരും തൃപ്തി പ്രകടിപ്പിച്ചു. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് റഷ്യ പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.