പുതിയ ഡിയോ

Wednesday 23 May 2018 3:12 am IST

ഹോണ്ടയുടെ ഡിയോ ഏറെ ക്ലിക്കായ വണ്ടിയാണ്. ഡിയോക്ക് ആരാധകരേറുമ്പോള്‍, പുതുമയുമായി പുത്തന്‍ പതിപ്പുകളിറക്കാനും ഹോണ്ട ശ്രമിക്കാറുണ്ട്. ഡിയോയുടെ 2018 എഡിഷന്‍ ഇപ്പോള്‍ വിപണിയില്‍ കിട്ടും. പുതിയ ഡീലക്‌സ് വേരിയന്റിലും ഡിയോ ലഭിക്കും. പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, പൊസിഷന്‍ ലാമ്പ് എന്നിവയാണ് പ്രധാന ആകര്‍ഷണം.  സൗകര്യത്തിനായി 1 ല്‍ 4 ലോക്കോടുകൂടിയ സീറ്റ് ഓപ്പണര്‍ സ്വിച്ച്, ഫ്രണ്ട് ഹുക്ക്, ചുരുക്കാവുന്ന റിയര്‍ ഹുക്ക് എന്നിവ ചേര്‍ത്തിട്ടുണ്ട്. 

സുരക്ഷയ്ക്കായി സ്‌കൂട്ടറില്‍ മെറ്റല്‍ മഫ്‌ളര്‍ പ്രൊട്ടക്ടറും ഉള്‍പ്പെടുത്തി. 3 സ്റ്റെപ്പ് എകോ സ്പീഡ് ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍ സഹിതമുള്ള പുതിയ ഡിജിറ്റല്‍ മീറ്റര്‍ ആണ് മറ്റൊരു പ്രത്യേകത. സ്വര്‍ണ്ണനിറത്തിലുള്ള റിം അടക്കം വ്യത്യസ്ത നിറങ്ങളില്‍ ഡിയോ 2018 ലഭിക്കും. പുതിയ ഡിയോ യുവതലമുറയെ കൂടുതല്‍ ആകര്‍ഷിക്കുന്നതാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. 15 വര്‍ഷത്തെ ഡിയോയുടെ പാരമ്പര്യത്തെ ഡിയോ 2018 ലൂടെ മുന്നോട്ടു കൊണ്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. 

രണ്ട് പതിപ്പുകളിലായി കൂടുതല്‍ മനോഹരമായാണ് ഡിയോ 2018 എത്തിയിരിക്കുന്നത്. ഡിയോ ആണ് രാജ്യത്തുനിന്നും ഏറ്റവും കൂടുതല്‍ കയറ്റി അയക്കപ്പെട്ട സ്‌കൂട്ടര്‍. അഞ്ച് ലക്ഷം യൂണിറ്റുകളാണ് ഇതുവരെ കയറ്റുമതി ചെയ്തത്. കൂടുതല്‍ മൈലേജും കരുത്തും പ്രദാനം ചെയ്യുന്ന 110 സിസി എച്ച്ഇടി എഞ്ചിനാണ് ഡിയോ 2018-ലുള്ളത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള മൊബൈല്‍ ചാര്‍ജിങ് സോക്കറ്റ് ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

ഈക്വലൈസര്‍ സാങ്കേതിക വിദ്യയോടുകൂടിയ കോംപി ബ്രേക്ക് സിസ്റ്റം ഡിയോയിലുണ്ട്. 9 നിറങ്ങളില്‍ ഡിയോ 2018 ലഭിക്കും. 51,292 രൂപയാണ് ദല്‍ഹി എക്‌സ്‌ഷോറൂം വില.

ഓട്ടോമാറ്റിക് ബ്രെസ്സ

നിരത്തിലെത്തും മുമ്പേ കാര്‍ പ്രേമികളുടെ മനം കവര്‍ന്ന കോംപാക്ട് എസ്‌യുവിയാണ് വിറ്റാര ബ്രെസ്സ. കാണാനുള്ള ലുക്കും ഫീച്ചറുകളുമായിരുന്നു ആളുകളെ ആകര്‍ഷിക്കാന്‍ കാരണം. ഇപ്പോഴിതാ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനു (എഎംടി)മായി മാരുതി സുസുക്കിയുടെ പുതിയ ബ്രെസ്സ എത്തി. ആയാസരഹിതമായ ഡ്രൈവിംഗ് ഇതിലൂടെ സാധ്യമാകും. ഗതാഗതതിരക്കേറിയ റോഡിലൂടെ അനായസം വാഹനം നിയന്ത്രിക്കാനാകും.

സാങ്കേതികമായി മാറ്റങ്ങളൊന്നുമില്ലെങ്കിലും ചെറിയ മാറ്റങ്ങള്‍ പുതിയ ബ്രെസ്സയില്‍ വരുത്തിയിട്ടുണ്ട്. സുരക്ഷാ സംവിധാനത്തിലും നിറങ്ങളിലുമാണ് മാറ്റം. വിറ്റാര ബ്രെസ്സയുടെ മുഴുവന്‍ ശ്രേണിയില്‍ എബിഎസ്, ഇബിഡി, ഇരട്ട എയര്‍ബാഗ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ഹൈസ്പീഡ് അലര്‍ട്ട് എന്നിവ കൊണ്ടു വന്നു. കറുത്ത നിറത്തിലുള്ള ഇന്റീരിയര്‍, അലോയ് വീലില്‍ ഗ്ലോസ് ബ്ലാക്ക് ഫിനിഷ് തുടങ്ങിയവ പുതിയ ബ്രെസ്സയിലുണ്ട്. നിലിവിലുള്ള നീലനിറം പിന്‍വലിച്ച്, ഓറഞ്ച് നിറം എത്തിച്ചു. മറ്റു സാങ്കേതിക മാറ്റങ്ങളൊന്നുമില്ല. 1.3 ലിറ്റര്‍ 90 ബിഎച്ച്പി എഞ്ചിനാണ് ബ്രെസ്സയ്ക്ക് കരുത്തേകുന്നത്. 

മൂന്ന് വേരിയന്റുകളില്‍ എഎംടി മോഡലുകള്‍ ലഭിക്കും. 8.54 ലക്ഷം രൂപ മുതല്‍ 10.49 ലക്ഷം രൂപവരെയാണ് വില. വിറ്റാര ബ്രെസ്സയുമായി മത്സരിക്കുന്ന മറ്റ് കോംപാക്ട് എസ്‌യുവികളേക്കാള്‍ ചെറിയ വിലക്കുറവ് മാരുതി സുസുക്കി നല്‍കുന്നുണ്ട്. മാരുതിയുടെ എല്ലാ മോഡലുകള്‍ക്കുമെന്നതുപോലെ വിറ്റാര ബ്രെസ്സയ്ക്കും ആവശ്യക്കാരേറെയാണ്. അതുകൊണ്ടുതന്നെ പുതിയ പരിഷ്‌കാരങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. 

രണ്ടുവര്‍ഷത്തിനകം 2.75 ലക്ഷം വിറ്റാര ബ്രെസ്സയാണ് മാരുതി ഇന്ത്യയില്‍ വിറ്റത്. ബ്രെസ്സയുടെ ഗ്രാഫ് വളരയേറെ ഉയരത്തിലാണെന്ന് ഇതില്‍ നിന്ന് വ്യക്തം.

ഇക്കോ സ്‌പോര്‍ട്ടിന്റെ കുതിപ്പ്

ഫോഡിന്റെ ഇക്കോ സ്‌പോര്‍ട്ട് ആഡംബരപ്രിയരായ യാത്രക്കാരുടെ ഇഷ്ടവാഹനമാണ്. കരുത്തിലായാലും ലുക്കിലായാലും ഇക്കോസ്‌പോര്‍ട്ട് എന്നും ഒരുപടി മുന്നിലായിരുന്നു. ഇപ്പോഴിതാ കൂടുതല്‍ കരുത്തുള്ള പെട്രോള്‍ എഞ്ചിനുമായി ഇക്കോ സ്‌പോര്‍ട്ട് പറപറക്കുകയാണ്. ഇക്കോ സ്‌പോര്‍ട്ട് എസ്സിലൂടെ ഫോഡിന്റെ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. 125 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമേകുന്നതാണ് എഞ്ചിന്‍. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. 18.1 കിലോമീറ്ററാണ് മൈലേജ്. 

രണ്ടുനിറങ്ങളിലുള്ള ഇന്റീരിയര്‍,  സണ്‍റൂഫ്, 17 ഇഞ്ച് അലോയ് വീല്‍, ഓറഞ്ച്, ഇരട്ട വര്‍ണ ഫിനിഷ്, ഗ്രില്ലിലും ഹെഡ്‌ലാംപിലും ഫോഗ് ലാംപിലും ബ്ലാക്ക് ഇന്‍സര്‍ട്ട്, എച്ച്‌ഐഡി ഹെഡ്‌ലാംപ്, 4.2 ഇഞ്ച് ഡിസ്‌പ്ലേ സഹിതമുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടയര്‍ പ്രഷര്‍ മോണിട്ടറിങ് സംവിധാനം തുടങ്ങിയവയാണ് പ്രത്യേകതകള്‍. ഇക്കോ സ്‌പോര്‍ട്ട് എസ്സ് പെട്രോള്‍ മോഡലിന് 11.50 ലക്ഷം രൂപവരെയാണ് വില. 100 ബി എച്ച്പി കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ലഭിക്കും. 12 ലക്ഷം രൂപവരെയാണ് ഇതിന്റെ വില. 

സിഗ്‌നേച്ചര്‍ എഡിഷനും ഫോഡ് അവതരിപ്പിച്ചു. 17 ഇഞ്ച് അലോയ് വീല്‍, അനൊഡൈസ്ഡ് ബ്ലൂ പെയ്ന്റ്, പ്രത്യേക 'സിഗ്‌നേച്ചര്‍' ബാഡ്ജിങ്, കോണ്‍ട്രാസ്റ്റിങ് ബ്ലൂ സ്റ്റിച്ചോടെ ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍, സണ്‍റൂഫ്, ഇലക്ട്രിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട് അസിസ്റ്റ് എന്നിവയാണ് പ്രത്യേകതകള്‍. പെട്രോള്‍ എഞ്ചിന് 10.40 ലക്ഷം രൂപയ്ക്കും ഡീസല്‍ എഞ്ചിന് 10.99 ലക്ഷം രൂപയ്ക്കുമാണ് ലഭിക്കുക. 1.5 ലിറ്റര്‍, മൂന്നു സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണിതിന്. 123 ബിഎച്ച്പിയാണ് കരുത്ത്. 100 ബിഎച്ച്പി കരുത്തില്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമുണ്ട്. 5അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് രണ്ടിനും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.