തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Wednesday 23 May 2018 11:11 am IST

ചെന്നൈ: തൂത്തുകുടിയില്‍ സമരക്കാര്‍ക്ക് നേരെയുള്ള വെടിവെപ്പ് ആസൂത്രിതമെന്ന ആരോപണം ശക്തമാകുന്നു. സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ബസിന് മുകളില്‍ കയറിയ കമാന്‍ഡോ സമരക്കാരെ തെരഞ്ഞുപിടിച്ച്‌ വെടിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 11 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക് പരിക്കേറ്റു. തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ പ്ലാന്റിന് 25 വര്‍ഷത്തെ ലൈസന്‍സ് അവസാനിക്കാനിരിക്കെ അത് പുതുക്കി നല്‍കാനുള്ള തീരുമാനമാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. വാതക ചോര്‍ച്ചയെതുടര്‍ന്ന് മുമ്പ് പലതവണ നാട്ടുകാരില്‍ ആരോഗ്യപ്രശ്നം സൃഷ്ടിച്ചിട്ടുള്ള കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് സമരവുമായി ജനങ്ങള്‍ രംഗത്തെത്തിയത്. 

അതേസമയം, വെടിവെപ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ച്‌ ബന്ധുക്കള്‍ രംഗത്തുവന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.