തൂത്തുക്കുടിയില്‍ വീണ്ടും വെടിവയ്പ്; ഒരാള്‍ മരിച്ചു

Wednesday 23 May 2018 3:06 pm IST

ചെന്നൈ: തൂത്തുകുടി വെടിവെപ്പില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിക്ക് മുന്നില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ക്ക് നേരെയാണ് പോലീസ് വെടിവച്ചത്. ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാളിയപ്പനാണ് (24) മരിച്ചത്. കഴിഞ്ഞദിവസമുണ്ടായ വെടിവ്യപ്പില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ കലക്ടറെത്തിയപ്പോള്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചതാണ് വെടിവയ്പില്‍ കലാശിച്ചത്. 

കലക്ടറെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ട് സമരക്കാര്‍ രംഗത്തെത്തി. ഇതിനിടെയാണ് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ ആശുപത്രിയിലെത്തിയത്. ഇതേതുടര്‍ന്ന് ജനങ്ങള്‍ കമലിനടുത്തേക്ക് തിരിഞ്ഞു. ഇതിനിടെ കലക്ടര്‍ തിരിച്ചു പോയി.

കമലിനെ കണ്ട് വലിയ ജനക്കൂട്ടം തടിച്ച്‌ കൂടുകയും സംഘര്‍ഷ സാധ്യത കൂടുകയും ചെയ്തപ്പോള്‍ പോലീസ് ലാത്തി വീശുകയായിരുന്നു. തുടര്‍ന്ന് പോലീസിന് നേരെ കല്ലേറുണ്ടായത്. പൊലീസ് വാന്‍ കത്തിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പോലീസ് വെടിവയ്ക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്നവരുടെ കൂടെ നില്‍ക്കുന്നവര്‍ക്കും പോലീസ് നടപടിയില്‍ പരിക്കേറ്റു. സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. 

എംഡിഎംകെ നേതാവ് വൈകോയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചിരുന്നു. അതേസമയം, വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇതുവരെ പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടില്ല. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.