നിപ : കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തില്‍, കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

Wednesday 23 May 2018 4:10 pm IST

കോട്ടയം: നിപ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് പേരാമ്പ്രയില്‍നിന്നു കോട്ടയത്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മദ്ധ്യവയസ്‌കനാണ് ചികിത്സയിലുള്ളത്. പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടപ്പോഴാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. 

നിപ വൈറസ് ബാധിച്ചതാണെന്ന സംശയത്തെ തുടര്‍ന്ന് പ്രത്യേക ഐസൊലേഷന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സിച്ചു വരികയാണ്. മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഇയാളെ നിരീക്ഷിച്ച്‌ വരികയാണ്. ഇയാള്‍ക്ക് നിപ്പ സ്ഥിരീകരിച്ചിട്ടില്ലെന്നും രോഗ ലക്ഷണങ്ങള്‍ മാത്രമാണ് കണ്ടെത്തിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

മംഗളൂരുവിലും രണ്ട് പേര്‍ നിപ വൈറസ് നിരീക്ഷണത്തിലാണ്. ഇരുപതു വയസ് പ്രായമുള്ള യുവതിയും എഴുപത്തഞ്ചുകാരനായ പുരുഷനുമാണ് ചികിത്സ തേടിയിരിക്കുന്നത്. ഇവര്‍ ഇരുവരും കേരളത്തിലെത്തിയിരുന്നതായും നിപ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു. ഇരുവരുടെയും രക്തം മണിപ്പാലിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

നിപ ബാധയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. നിപ വൈറസ് ബാധിച്ച്‌ കഴിഞ്ഞ ദിവസം മരിച്ച നാദാപുരം ചെക്യാട് സ്വദേശി അശോകന്‍ തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. 

നിപ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട്, തൃശൂര്‍ ജില്ലകളിലായി 18 പേരാണ് ചികിത്സയിലുള്ളത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ മുപ്പത്തിയഞ്ചുകാരിയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. പ്രാഥമിക പരിശോധനയില്‍ നിപയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. രോഗം സ്ഥിരീകരിക്കാന്‍ രക്തം ഹൈദരാബാദിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.