ത്രിപുര കേരളത്തിലും ആവര്‍ത്തിക്കും; ആവേശം പകര്‍ന്ന് ബിപ്ലവ് ദേവ് ചെങ്ങന്നൂരില്‍

Thursday 24 May 2018 12:35 pm IST
തെരഞ്ഞെടുപ്പ് പോരില്‍ മുന്നേറ്റത്തിന്റെ അവസാനലാപ്പിലേക്ക് കടക്കുന്ന എന്‍ഡിഎ പ്രവര്‍ത്തനത്തിന് ആവേശം പകര്‍ന്നാണ് ത്രിപുര മുഖ്യമന്ത്രിയുടെ വരവ്.

ചെങ്ങന്നൂര്‍: ത്രിപുരയിലെ മാര്‍ക്‌സിസ്റ്റ് മാടമ്പി ഭരണത്തെ ജനകീയപോരാട്ടത്തിലൂടെ തൂത്തെറിഞ്ഞ് വിപ്ലവരാജകുമാരന്‍ ബിപ്ലവ് ദേവ് കുമാര്‍ ചെങ്ങന്നൂരിലെത്തി. തെരഞ്ഞെടുപ്പ് പോരില്‍ മുന്നേറ്റത്തിന്റെ അവസാനലാപ്പിലേക്ക് കടക്കുന്ന എന്‍ഡിഎ പ്രവര്‍ത്തനത്തിന് ആവേശം പകര്‍ന്നാണ് ത്രിപുര മുഖ്യമന്ത്രിയുടെ വരവ്. 

ത്രിപുര പരീക്ഷണം കേരളത്തിലും ആവര്‍ത്തിക്കുമെന്ന് ബിപ്ലവ് ദേവ് പറഞ്ഞു. ചെങ്ങന്നൂരില്‍ നിന്നും കേരള രാഷ്ട്രീയത്തില്‍ മാറ്റം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയ്ക്ക് ശേഷമുള്ള മാറ്റങ്ങള്‍ വിലകുറച്ച് കാണുന്നില്ല. ഭാരതത്തെപ്പറ്റി അറിയാത്തവരാണ് തന്നെ കോമാളിയായി ചിത്രീകരിക്കുന്നതെന്നും ബിപ്ലവ് ദേവ് പറഞ്ഞു.  

ബിപ്ലവിന്റെ വരവ് പി.എസ്. ശ്രീധരന്‍പിള്ളയുടെ വിജയക്കുതിപ്പിന്റെ ഊര്‍ജ്ജമാക്കിമാറ്റാനാണ് എന്‍ഡിഎ പ്രവര്‍ത്തകരുടെ തയ്യാറെടുപ്പ്. രാവിലെ എട്ട് മണിക്ക് എറണാകുളത്ത് വരാപ്പുഴയില്‍ പോലീസ് മര്‍ദനത്തില്‍ മരണപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ത്രിപുര മുഖ്യമന്ത്രി അവിടെ നിന്നും റോഡ് മാര്‍ഗം ചെങ്ങന്നൂരിലെത്തിയത്. ഹോട്ടല്‍ എംപയറില്‍ മുഖാമുഖം പരിപാടിയാണ് ചെങ്ങന്നൂരില്‍ ബിപ്ലവിന്റെ ആദ്യ പരിപാടി.

വൈകിട്ട് 3ന് മാന്നാര്‍ സ്റ്റോര്‍ ജങ്ഷനില്‍ ചേരുന്ന മഹാസമ്മേളനത്തെ ബിപ്ലവ് ദേവ് അഭിസംബോധന ചെയ്യും. തുടര്‍ന്ന് വൈകിട്ട് 4ന് ചെങ്ങന്നൂര്‍ നഗരത്തില്‍ സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ളയ്‌ക്കൊപ്പം റോഡ് ഷോ നയിക്കും. തേരകം മൈതാനത്ത് നിന്ന് ആരംഭിച്ച് കല്ലിശ്ശേരിയില്‍ അവസാനിക്കുന്ന റോഡ്‌ഷോയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കും.

വൈകിട്ട് 6ന് ചെറിയനാട് കടുവിനാല്‍പ്പടി ജങ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിപ്ലവ് ദേവ് സംസാരിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.