നാട്ടിലിലെ കാട്ടാനയെ തുരത്താന്‍ താപ്പാനകള്‍ക്ക് പരിശീലനം

Thursday 24 May 2018 2:30 am IST

പി.എ. വേണുനാഥ്

പത്തനംതിട്ട: നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താനും,  ഉപദ്രവകാരികളെ പിടിക്കാനും വനം വകുപ്പിന്റെ ആനകള്‍ക്ക് തമിഴ്‌നാട്ടില്‍ പരിശീലനം നല്‍കും. കാട്ടാനകളെ നിയന്ത്രിക്കാന്‍ കഴിവുള്ള കുങ്കി ആനകളെന്ന് അറിയപ്പെടുന്ന ഇവയെ വിവിധ ആവശ്യങ്ങള്‍ക്കായി തമിഴ്‌നാട്ടില്‍ നിന്നുമാണ് കേരളത്തിലെ വനംവകുപ്പ് ഇപ്പോള്‍ വാടകയ്ക്ക് എത്തിക്കുന്നത്. വലിയ തുക ഇതിനായി ചിലവാകും.  പലപ്പോഴും ലഭിക്കുന്ന ആനകള്‍ കാര്യപ്രാപ്തി കുറവുള്ളവയുമായിരിക്കും.

 ഈ  സാഹചര്യത്തിലാണ് സ്വന്തം ആനകളെ പരിശീലിപ്പിക്കാന്‍ വനംവകുപ്പിന്റെ തീരുമാനം. ഊട്ടിക്ക് സമീപം മുതുമല-തേപ്പുകാട് ആനക്യാമ്പിലാണ് രണ്ടുമാസത്തെ കുങ്കി പരിശീലനം. ലക്ഷണമൊത്ത കൊമ്പനാനകളെയാണ് ഇതിന്  നിയോഗിക്കുക. ഇതോടൊപ്പം ആന പാപ്പാന്മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. ആദ്യ ഘട്ടത്തില്‍ കോന്നി താവളത്തിലെ സുരേന്ദ്രന്‍, മലയാറ്റൂര്‍ ക്യാമ്പിലെ നീലകണ്ഠന്‍ എന്നീ ആനകളെ അടുത്തമാസം ആദ്യം പരിശീലനത്തിനായി അയയ്ക്കും. നിലവില്‍ കേരളാ വനം വകുപ്പിന്റെ താപ്പാനകള്‍ക്ക് വാരിക്കുഴിയില്‍ വീഴുന്ന കാട്ടാനകളെ കരയ്ക്കു കയറ്റി കൂട്ടില്‍ എത്തിക്കാനുള്ള പരിശീലനമാണ് നല്‍കിയിട്ടുള്ളത്.

വര്‍ഷങ്ങളായി ആനപിടുത്തം നിരോധിക്കുകയും ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനകള്‍ എത്തുന്നത് അടുത്തകാലത്തായി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആനകള്‍ക്ക് കുങ്കി പരിശീലനം നല്‍കുന്നത്. വയനാട്, പാലക്കാട്, മൂന്നാര്‍ തുടങ്ങിയ മേഖലകളില്‍ നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് കുങ്കിയാനകളെ എത്തിച്ചത്. നിലമ്പൂര്‍, പാലക്കാട്, മലയാറ്റൂര്‍, കോന്നി എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ പരിശീലനം സിദ്ധിച്ച ആനകളെ ലഭ്യമാക്കുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.